എറണാകുളം: ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് കോടതി. നവംബര്‍ 3ന് ഹാജരാകാനാണ് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. കേസ് പിൻവലിക്കാനുള്ള സർക്കാരിന്‍റെ അപേക്ഷ കോടതി തള്ളി. ആവശ്യം പെതുതാത്‌പര്യത്തിന് വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
കേസ് പിന്‍വലിക്കണമെന്ന ആവശ്യം കോടതി നിരാകരിക്കുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ സമാനമായ രീതിയിൽ സർക്കാർ സമർപ്പിച്ച ഹർജി മജിസ്ട്രേറ്റ് കോടതി തളളിയിരുന്നു. ഇതിനെതിരെ മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചു. എന്നാൽ മജിസ്‌ട്രേറ്റ് കോടതി നടപടിക്കെതിരെ പുനഃപരിശോധന ഹര്‍ജി നൽകാൻ പ്രതികൾക്ക് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
തുടർന്ന് കേസ് പിൻവലിക്കണമെന്ന സർക്കാരിന്‍റെ ഹര്‍ജി വീണ്ടും പരിഗണിക്കാൻ മജിസ്‌ട്രേറ്റ് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകുകയായിരുന്നു. പെരുമ്പാവൂർ കോടതി നടപടിക്കെതിരായ സർക്കാർ ഹര്‍ജി തീർപ്പാക്കിയാണ് കോടതി ഇത്തരമൊരു നിർദേശം നൽകിയത്. ഇതോടെയാണ് കേസ് വീണ്ടും പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി പരിഗണിക്കുകയും കേസ് റദ്ദാക്കണമെന്ന സർക്കാര്‍ ആവശ്യം തള്ളുകയും ചെയ്‌തത്.
മോഹന്‍ലാലിനെതിരെയുള്ള ആനക്കൊമ്പ് കേസ്: 2011 ഡിസംബര്‍ 21നാണ് കേസിനാസ്‌പദമായ സംഭവം. തേവരയിലെ മോഹന്‍ലാലിന്‍റെ വീട്ടില്‍ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. രണ്ട് ജോടി ആനക്കൊമ്പുകളാണ് വീട്ടില്‍ നിന്നും സംഘം പിടികൂടിയത്. സംഭവത്തിന് പിന്നാലെ ആനക്കൊമ്പുകള്‍ കൈവശം വച്ചതിന് നടന്‍ മോഹന്‍ലാലിനെതിരെ വനംവകുപ്പ് കേസെടുത്തു.
വന്യജീവി സംരക്ഷണം നിയമം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടനെതിരെ കേസെടുത്തത്. വീട്ടില്‍ നിന്നും ആനക്കൊമ്പുകള്‍ പിടിച്ചെടുക്കുമ്പോൾ ഇവ നിയമപരമായി കൈവശം വയ്ക്കാനുള്ള സർട്ടിഫിക്കറ്റ് മോഹൻലാലിന്‍റെ പക്കലുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ ഇത് ക്രമപ്പെടുത്തി നല്‍കിയിരുന്നു. കേസ് രജിസ്റ്റർ ചെയ്‌ത് ഏഴ് വർഷത്തിന് ശേഷമാണ് മോഹൻലാലിനെ പ്രതി ചേർത്ത് കേസില്‍ കുറ്റപത്രം സമർപ്പിച്ചത്.
also read: ആനക്കൊമ്പ് സൂക്ഷിക്കാന്‍ അനുമതിയുണ്ട്; മോഹന്‍ലാല്‍ ഹൈക്കോടതിയില്‍
തനിക്ക് അനുമതിയുണ്ടെന്ന് മോഹന്‍ലാല്‍: ആനക്കൊമ്പ് കൈവശം വച്ചുവെന്ന കേസില്‍ വനംവകുപ്പിന്‍റെ കുറ്റപത്രത്തിന് പിന്നാലെ ഹൈക്കോടതിയില്‍ ഹാജരായ നടന്‍ മോഹന്‍ലാല്‍ ആനക്കൊമ്പ് കൈവശം സൂക്ഷിക്കാന്‍ തനിക്ക് അനുമതിയുണ്ടെന്നും ലൈസന്‍സിന് മുന്‍കാല പ്രബല്യമുണ്ടെന്നും വ്യക്തമാക്കിയിരുന്നു.
അതുകൊണ്ട് ആനക്കൊമ്പ് കൈവശം സൂക്ഷിക്കുന്നതില്‍ നിയമ തടസങ്ങളില്ലെന്നും ഇത്തരം സാഹചര്യത്തില്‍ തനിക്കെതിരെ സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്നും അദ്ദേഹം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. പൊതുജന മധ്യത്തില്‍ തന്‍റെ പ്രതിച്ഛായക്ക് ഭംഗം വരുത്താനുള്ള ശ്രമമാണിതെന്നും അദ്ദേഹം നേരത്തെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആരോപിച്ചു.
also read: മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ്: വീണ്ടും വാദം കേള്‍ക്കണമെന്ന് ഹൈക്കോടതി