എറണാകുളം : തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പനെതിരെ വിജിലന്‍സ് അന്വേഷണത്തിന് അനുമതി. ഓണക്കോടിയോടൊപ്പം പണം നൽകിയെന്ന എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പരാതിയിലാണ് നടപടി. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണിത്.
നഗരസഭാധ്യക്ഷ ഓണക്കോടിക്കൊപ്പം പതിനായിരം രൂപ വീതം കവറിലിട്ട് നല്‍കിയ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് കഴിഞ്ഞമാസമാണ് തൃക്കാക്കര നഗരസഭയിലെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്.
തുടര്‍ന്ന് ഡയറക്ടറുടെ നിര്‍ദേശപ്രകാരം വിജിലന്‍സ് എറണാകുളം യൂണിറ്റ് ത്വരിതാന്വേഷണം നടത്തി. പരാതിക്കാരുടെയും ആരോപണവിധേയരുടെയും മൊഴിയെടുത്ത വിജിലന്‍സ് പരാതിയില്‍ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാട്ടി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
ഈ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ അനുമതി നല്‍കിയത്. മുഖ്യമന്ത്രിയുടെ അനുമതികൂടി ലഭിക്കുന്നതോടെ പ്രത്യേക സംഘം രൂപീകരിച്ച് കേസില്‍ അന്വേഷണം തുടങ്ങും.
കൂടുതല്‍ വായനക്ക്: ഫ്രീഡം സിംഫണി : തടവറയില്‍ തിരുത്തലിനും തിരിഞ്ഞുനോട്ടത്തിനും പാട്ടുവഴി
കഴിഞ്ഞ മാസം 17നാണ് നഗരസഭ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍ കൗണ്‍സിലര്‍മാരെ തന്‍റെ ചേംബറിലേക്ക് വിളിപ്പിച്ച് വാര്‍ഡുകളില്‍ വിതരണം ചെയ്യാനായി 15 ഓണക്കോടി വീതം നല്‍കിയത്. ഇതോടൊപ്പം നൽകിയ കവറിൽ പതിനായിരം രൂപ ഉണ്ടായിരുന്നുവെന്നാണ് ആരോപണം. ഈ തുക തങ്ങള്‍ ചെയര്‍പേഴ്‌സണെ തിരിച്ചേല്‍പ്പിച്ചതായി പിന്നീട് കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കിയിരുന്നു.
ആരോപണം ശരിവെക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു
സംഭവം ശരിവയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. അതേസമയം അജിത തങ്കപ്പനെതിരെ എല്‍ഡിഎഫ് 23 ന് അവിശ്വാസ പ്രമേയം അവതരിപ്പിക്കും. നഗരസഭാധ്യക്ഷയ്‌ക്കെതിരെ നിലകൊള്ളുന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ അനുനയിപ്പിക്കാനുള്ള നീക്കം ഡിസിസി നേതൃത്വം നടത്തിവരികയാണ്.
അവിശ്വാസ പ്രമേയ അവതരണം ബഹിഷ്കരിക്കാനും കൗൺസിലർമാർക്ക് കോൺഗ്രസ് നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ സ്വതന്ത്രരുടെ പിന്തുണയോടെയാണ് യു.ഡി.എഫ് നഗരസഭ ഭരിക്കുന്നത്.