എറണാകുളം: ശക്തമായ മഴയും നീരൊഴുക്കും കാരണം ജലനിരപ്പുയർന്ന പെരിയാറിലേക്ക് ഡാമുകളിൽ നിന്നും അധിക ജലമെത്തുന്നതിന്‍റെ ആശങ്കയിലാണ് ജനങ്ങൾ. പെരിയാറിന്‍റെ തീരപ്രദേശത്തുള്ളവർക്ക് ജാഗ്രത നിർദേശവും അധികൃതർ നൽകിയിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കൂടി അധിക ജലമെത്തുന്നതോടെ പെരിയാറിലെ ജലനിരപ്പിലുണ്ടാകുന്ന മാറ്റം നിർണായകമാണ്.
നിലവിൽ പെരിയാറിലെ മാർത്താണ്ഡവർമ സ്റ്റേഷനിലെ ജലനിരപ്പ് പ്രളയ മുന്നറിയിപ്പിന്‍റെ പരിധിക്ക് മുകളിലാണ്. 2.5 മീറ്ററാണ് ഇവിടെ പ്രളയ ജലനിരപ്പായി കണക്കാക്കുന്നത്. 2.905 മീറ്ററാണ് ഇവിടെ ഇപ്പോഴത്തെ ജലനിരപ്പ്. ഇത് 3.76 മീറ്ററിന് മുകളിലേക്ക് ഉയരുന്നതാണ് അപകടകരമായ ജലനിരപ്പായി പരിഗണിക്കുന്നത്.
അതേസമയം മംഗലപ്പുഴ, കാലടി സ്റ്റേഷനുകളിലെ ജലനിരപ്പ് പ്രളയ മുന്നറിയിപ്പിന്‍റെ താഴെയാണ് ഉള്ളത്. ഇവിടെ ജലനിരപ്പ് താഴുന്ന പ്രവണതയാണുള്ളത്. ചാലക്കുടി പുഴയിൽ ജലനിരപ്പ് ഉയർന്നത് പറവൂർ, പുത്തൻവേലിക്കര പ്രദേശങ്ങളിൽ ആശങ്ക പടർത്തിയെങ്കിലും, നിലവിൽ ജലനിരപ്പ് കുറഞ്ഞത് ആശങ്കയകറ്റിയിരിക്കുകയാണ്.
മഴക്കെടുതിയെ തുടർന്ന് ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത് 1152 പേരാണ്. ജില്ലയിലാകെ 32 ക്യാമ്പുകളാണ് നിലവിൽ പ്രവർത്തിക്കുന്നത്. 394 കുടുംബങ്ങളാണ് ക്യാമ്പുകളിലുള്ളത്.
ഇതിൽ 453 പേർ പുരുഷന്മാരും 497 പേർ സ്ത്രീകളുമാണ്. 207 കുട്ടികളും 19 മുതിർന്ന പൗരന്മാരും ജില്ലയിലെ വിവിധ ക്യാമ്പുകളിൽ കഴിയുന്നുണ്ട്.