എറണാകുളം: പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതികളുടെ റിമാൻഡ് നീട്ടി. പ്രതികളെ രണ്ടാഴ്ചത്തേക്ക് കൂടിയാണ് റിമാൻഡ് ചെയ്‌തത്. എറണാകുളം സി.ജെ.എം കോടതിയുടേതാണ് നടപടി. അതേസമയം പ്രതികളുടെ ജയിൽ മാറ്റം വേണമെന്ന അപേക്ഷ പരിഗണിക്കുന്നത് കോടതി ഈ മാസം 25ലേക്ക് മാറ്റി.
നിലവിൽ പ്രതികൾ കണ്ണൂർ സെൻട്രൽ ജയിലിലും കാക്കനാട് ജയിലിലുംമാണ്. ഇതിൽ കണ്ണൂർ സെൻട്രൽ ജയിലിൽ ഉള്ള ഒന്നാം പ്രതി ഉൾപ്പടെ 11 പേരെ കാക്കനാട് ജയിലിലേക്ക് മാറ്റണമെന്നാണ് സി.ബി.ഐയുടെ ആവശ്യം. കാക്കനാട് ജയിലിൽ കഴിയുന്ന സി.പി.എം എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി പി. രാജേഷ്, പാർട്ടി പ്രവർത്തകരായ വിഷ്‌ണു സുര, ശാസ്‌ത മധു, റെജി വർഗീസ്, ഹരിപ്രസാദ്, എന്നിവർ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അപേക്ഷ നൽകിയിട്ടുണ്ട്. ഈ രണ്ട് അപേക്ഷകളും കോടതി 25 ന് പരിഗണിക്കും.
സി.പി.എം പ്രാദേശിക നേതാക്കൾ ഉൾപ്പടെ 24 പേരാണ് പെരിയ ഇരട്ട കൊലക്കേസിലെ പ്രതികൾ. 2019 ഫെബ്രുവരി 17 നാണ് കാസർകോട് പെരിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. ക്രൈംബ്രാഞ്ച് ആയിരുന്നു ആദ്യം കേസ് അന്വേഷിച്ചത്. പിന്നീട് ഹൈക്കോടതി കേസ് സി.ബി.ഐ.യ്ക്ക് വിടുകയായിരുന്നു. കുറ്റപത്രം സമർപ്പിച്ച കേസിൽ വിചാരണ നടപടികളുടെ ഭാഗമായുള്ള പ്രാരംഭ നടപടികളാണ് ഇപ്പോൾ നടക്കുന്നത്.