എറണാകുളം: പെരിയ ഇരട്ടക്കൊല കേസില്‍ ഉദുമ മുൻ എം.എൽ.എയും സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവുമായ കെ.വി കുഞ്ഞിരാമനെ സി.ബി.ഐ പ്രതി ചേർത്തു. രാഘവൻ വെളുത്തോളി, ഭാസ്‌കരൻ, ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവരെയും അറസ്റ്റിലായ പ്രതികൾക്ക് പുറമെ പ്രതി ചേർത്തു. ആകെ 10 പേരെയാണ് പുതുതായി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് സി.ബി.ഐ കോടതിയില്‍ അറിയിച്ചു.
ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്‌ത 14 പേർക്ക് പുറമെയാണിത്. 10 ല്‍ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ബാക്കിയുള്ളവരുടെ അറസ്റ്റ് അനിവാര്യമല്ലെന്ന് സി.ബി.ഐ വ്യക്തമാക്കി. അതേസമയം പെരിയ ഇരട്ടക്കൊല കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്‌ത അഞ്ച് പ്രതികളെയും കോടതി റിമാന്‍റ് ചെയ്‌തു. എറണാകുളം സി.ജെ.എം കോടതി ഈ മാസം 15 വരെയാണ് പ്രതികളെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.
പ്രതികളുടെ ആകെ എണ്ണം 24
കല്യോട്ട് സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി രാജേഷ്, കല്യോട്ടെ സുരേന്ദ്രൻ, മധു, റെജി വർഗീസ്, ഹരിപ്രസാദ് എന്നിവരെ ബുധനാഴ്ചയാണ് സി.ബി.ഐ അറസ്റ്റ് ചെയ്‌തത്. അഞ്ചുപേരും കൊലനടത്താനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തു, കൊലനടത്തിയവർക്ക് സഹായം ചെയ്തെന്നുമാണ് സി.ബി ഐ കണ്ടെത്തിയത്. കേസ് സി.ബി.ഐ ഏറ്റെടുത്ത ശേഷം ആദ്യമായാണ് പ്രതികളെ അറസ്റ്റുചെയ്‌തത്.
ALSO READ: കൊഞ്ചിറവിള അനന്തു കൊലക്കേസ്: കുറ്റപത്രം ഹാജരാക്കാൻ അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി
കേസന്വേഷിച്ച ക്രൈംബ്രാഞ്ച് നേരത്തെ 14 പേരെ അറസ്റ്റ് ചെയ്‌തിരുന്നു. ഇതോടെ ആകെ പ്രതികളുടെ എണ്ണം 24 ആയി. ഐ.പി.സി 302, 120 (ബി), 118 വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയിട്ടുള്ളത്. 2019 ഫെബ്രുവരി 17-നാണ് കാസർകോട് പെരിയ കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. ക്രൈംബ്രാഞ്ച് ആയിരുന്നു ആദ്യം കേസ് അന്വേഷിച്ചത്. പിന്നീട് ഹൈക്കോടതി കേസ് സി.ബി.ഐ.യ്ക്ക് വിട്ടു.