എറണാകുളം: ജില്ലയുടെ തീരപ്രദേശങ്ങളിൽ രൂക്ഷമായ കടൽക്ഷോഭം. ചെല്ലാനം, നായരമ്പലം, എടവനക്കാട് ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. പ്രദേശവാസികളെ സുരക്ഷിതയിടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കണയന്നൂർ മുളവുകാട് വില്ലേജിൽ താന്തോന്നി തുരുത്തിൽ വെള്ളം കയറിയതിനെ തുടർന്ന് 62 കുടുംബങ്ങളെയും എടവനക്കാട് നാലു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. കൂടാതെ നായരമ്പലത്തും 100 കുടുംബങ്ങളിൽ നിന്നായി 250 പേരെ ക്യാമ്പിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. അതേസമയം ഫോർട്ടുകൊച്ചി കമാലകടവിൽ തിരമാലയിൽ പത്തോളം വള്ളങ്ങൾ തകർന്നു. മത്സ്യത്തൊഴിലാളികളുടെതാണ് വള്ളങ്ങൾ. കൂടാതെ വൈപ്പിൻ വോക്ക് വെയുടെ ഭാഗവും കടല്‍ക്ഷോഭത്തില്‍ തകർന്നു.
കനത്ത മഴയിൽ തിരുവനന്തപുരത്തും വ്യാപക നാശം റിപ്പോര്‍ട്ട് ചെയ്‌തു . നഗരത്തിൽ ഉൾപ്പെടെ 25 ഓളം സ്ഥലങ്ങളിൽ ഇന്നലെ മരം വീണു. പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസിനു സമീപം മരം ഓട്ടോയ്ക്കു മുകളിലേക്ക് വീണു. ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിനു സമീപത്തും മരം റോഡിൽ വീണ് ഗതാഗതം തടസപ്പെട്ടു. വാഴപ്പള്ളിയിൽ വൈദ്യുത ലൈനിനു മുകളിലേക്ക് തെങ്ങു വീണു. കവടിയാർ, മുടവൻമുകൾ, കാലടി തുടങ്ങിയ സ്ഥലങ്ങളിലും മരം വീണു. മഴ തുടരുന്നതിനാൽ ജാഗ്രത പാലിക്കണമെന്ന് ഫയർഫോഴ്‌സ് അറിയിച്ചു.