എറണാകുളം: ഉടൽ എന്ന ചിത്രത്തിനുശേഷം രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ദിലീപ് ചിത്രമാണ് 'തങ്കമണി'. ഇടുക്കി ജില്ലയിലെ തങ്കമണിയിൽ നടന്ന യഥാർഥ സംഭവവികാസങ്ങളെ ആസ്‌പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
'പെണ്ണിന്‍റെ പേരല്ല തങ്കമണി വെന്ത നാടിന് പേരല്ലോ തങ്കമണി...' കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായ ഒരു ഗാനമാണിത്. തങ്കമണി സിനിമയുടെ അണിയറ പ്രവർത്തകർ പുറത്തുവിട്ട ഈ ഗാനം സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണവും നേടുന്നുണ്ട്. 'കെട്ടിയോൾ ആണ് എന്‍റെ മാലാഖ', 'എന്താടാ ഷാജി' 'മോഹൻകുമാർ ഫാൻസ്', 'വീഗം സ്റ്റാർ' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതനായ സംഗീത സംവിധായകൻ വില്യം ഫ്രാൻസിസ് ആണ് തങ്കമണി ചിത്രത്തിനുവേണ്ടി ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് (Music Director William Francis and Writer BT Anilkumar About Thankamani Song).
ഹൃദയത്തിൽ തൊടുന്ന സംഗീതത്തിന്‍റെ വരികൾ ഒരുക്കിയത് പ്രശസ്‌ത എഴുത്തുകാരൻ ബി ടി അനിൽകുമാറും. ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന പൃഥ്വിരാജിന്‍റെ ബിഗ് ബജറ്റ് ചിത്രം കാളിയന്‍റെ തിരക്കഥാകൃത്ത് കൂടിയാണ് ബി ടി അനിൽകുമാർ. ഗാനത്തിന്‍റെ വിശേഷങ്ങളുമായി ഇരുവരും ഇടിവി ഭാരതിനൊപ്പം ചേർന്നു.
പ്രസ്‌തുത ഗാനത്തിനായി സംഗീത സംവിധായകൻ ഗാന രചയിതാവിനോട് യഥാർഥ സംഭവ വികാസങ്ങളോട് ചേർന്ന് നിൽക്കുന്ന തരത്തിൽ വരികൾ എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. ജീവിതത്തിൽ ആദ്യമായിട്ടാണ് താൻ വരികൾക്ക് സംഗീതം നൽകുന്നതെന്ന് വില്യം ഫ്രാൻസിസിന്‍റെ തുറന്നുപറച്ചിൽ. എഴുതിത്തന്ന ആദ്യ വരികളിൽ തന്നെ സംഗീതം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. ഉള്ളു പൊള്ളുന്ന താളത്തിൽ മൂർച്ചയുള്ള വരികൾ കൂടിയായപ്പോൾ ഗാനം ജനങ്ങൾ ഏറ്റെടുത്തു. ആദ്യ താളം തന്നെ സംവിധായകനും നടൻ ദിലീപിനും വല്ലാതെ ഇഷ്ടപ്പെട്ടു.
താൻ പാട്ട് എഴുതുന്ന എട്ടാമത്തെ സിനിമയും വില്യം ഫ്രാൻസിസുമായി സഹകരിക്കുന്ന മൂന്നാമത്തെ സിനിമയുമാണ് 'തങ്കമണി' എന്ന് ഗാനരചയിതാവ് ബി ടി അനിൽകുമാർ പറഞ്ഞു. സംവിധായകന് തങ്കമണിയിലെ ഗാനം കവിതയുടെ സ്വഭാവത്തിലുള്ളതാകണമെന്ന് നിർബന്ധമുണ്ടായിരുന്നു. അത് പ്രകാരമായിരുന്നു പാട്ട് എഴുതിയ ശേഷം സംഗീതം നൽകാനുള്ള തീരുമാനം.
ഏതൊരു ഗാനരചയിതാവിനും പാട്ട് എഴുതുമ്പോൾ തന്‍റെ വരികൾക്ക് ഒരു താളം സ്വയം തോന്നാറുണ്ട്. വില്യം തന്‍റെ വരികൾക്ക് താളം നൽകുമ്പോൾ ഞാൻ എന്താണ് മനസ്സിൽ കേട്ടത് അതിനോപ്പമോ അതിന് മുകളിലോ വില്ല്യമിന്‍റെ സംഗീതം എത്തിച്ചേർന്നു എന്നുള്ളതാണ് വസ്തുത. താൻ എഴുതിയ വരികൾക്ക് പ്രാധാന്യം വരുന്ന രീതിയിൽ തന്നെയായിരുന്നു അദ്ദേഹത്തിന്‍റെ സംഗീതം.
1986 ലായിരുന്നു തങ്കമണി സംഭവം നടക്കുന്നത്. രാഷ്ട്രീയ സാമൂഹിക അധപതനങ്ങളുടെ നേർക്കാഴ്‌ച കൂടിയായിരുന്നു ആ സംഭവം. താൻ അപ്പോൾ കോളജിൽ പഠിക്കുന്ന കാലം.
യൗവന കാലമായതുകൊണ്ട് തന്നെ അന്നത്തെ ചെറുപ്പക്കാരെ പോലെ തങ്കമണി സംഭവം തന്നെയും വല്ലാതെ ബാധിച്ചിരുന്നു. സംഭവത്തെക്കുറിച്ച് തനിക്ക് കൃത്യമായ കാഴ്ചപ്പാട് ഉണ്ടായിരുന്നു. അവിടെ എന്തൊക്കെ സംഭവിച്ചു എന്നതിനെക്കുറിച്ച് ധാരണയും ഉണ്ടായിരുന്നു.
അതുകൊണ്ടുതന്നെ സംവിധായകൻ തങ്കമണി സംഭവത്തെ ആസ്പദമാക്കി തിരക്കഥ ഒരുക്കുമ്പോൾ ഓരോ സംഭവവികാസങ്ങളും തനിക്ക് പകൽപോലെ വ്യക്തമായിരുന്നു. സംഭവത്തിന്‍റെ നേർക്കാഴ്ച ജനങ്ങളിലേക്ക് എത്തുന്ന തരത്തിൽ ഒരു കവിത രൂപപ്പെടുത്താൻ ഞാൻ എന്ന വ്യക്തിക്ക് വളരെ എളുപ്പമായിരുന്നുവെന്നും ബ ടി അനിൽകുമാര്‍ അഭിപ്രായപ്പെട്ടു.