എറണാകുളം: തിരുവനന്തപുരം മതവിദ്വേഷ പ്രസംഗ കേസില്‍ അറസ്‌റ്റിലായ പി സി.ജോര്‍ജ് നല്‍കിയ ജാമ്യാപേക്ഷ ഇന്ന് (26 മെയ് 2022) രാവിലെ ഹൈക്കോടതി പരിഗണിക്കും. ജസ്‌റ്റിസ് പി.ഗോപിനാഥന്‍ അധ്യക്ഷനായ ബഞ്ചാണ് വിഷയം പരിഗണിക്കുന്നത്. ജാമ്യം റദ്ദാക്കിയ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ ഇന്നലെ രാത്രി ഓണ്‍ലൈനായാണ് പി സി.ജോര്‍ജ് ഹര്‍ജി സമര്‍പ്പിച്ചത്.
രാത്രി തന്നെ കേസ് അടിയന്തരമായി പരിഗണിക്കണമെന്ന പിസി ജോര്‍ജിന്‍റെ അഭിഭാഷകരുടെ ആവശ്യം കോടതി തള്ളിയിരുന്നു. തനിക്ക് വെര്‍ടിഗോ അസുഖമുണ്ടെന്നും ശ്വസനോപകരണങ്ങളുടെ സഹായത്തോടെയാണ് മുന്നോട്ടു പോകുന്നതെന്നുമാണ് പി സി.ജോര്‍ജ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്.
വെണ്ണലയില്‍ നടത്തിയ പ്രസംഗത്തിന്‍റെ പേരിലുള്ള കേസിലെ മുന്‍കൂര്‍ ജാമ്യപേക്ഷയും ഇന്ന് പരിഗണിക്കും. ഈ കേസില്‍ അദ്ദേഹത്തിന് നേരത്തെ കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലെടുത്ത കേസിലെ ജാമ്യം റദ്ദാക്കിയതോടെയാണ് പിസി ജോർജിനെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്‌തത്.