എറണാകുളം: പറവൂർ സ്വദേശി വിസ്‌മയയെ കൊലപ്പെടുത്തിയ കേസിൽ സഹോദരി ജിത്തുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. കാക്കനാട് തെരുവ് വെളിച്ചമെന്ന അനാഥാലയത്തിൽ നിന്നാണ് ജിത്തു വ്യാഴാഴ്ച പിടിയിലായത്. എറണാകുളം മേനക ജങ്ഷനിൽ നിന്നും അലഞ്ഞുതിരിയുന്ന യുവതിയെ പൊലീസ് ബുധനാഴ് രാത്രി കണ്ടെത്തിയിരുന്നു.
ലക്ഷദ്വീപ് സ്വദേശിയാണെന്നും പോകാനിടമില്ലെന്നുമാണ് ജിത്തു പൊലീസിനോട് പറഞ്ഞത്. ഇത് വിശ്വസിച്ച പൊലീസ് തന്നെയാണ് ജിത്തുവിനെ കാക്കനാട് അനാഥാലയത്തിൽ എത്തിച്ചത്. ജിത്തുവിനായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി അന്വേഷണം ഊർജിതമാക്കിയതിനെ പിന്നാലെ, അനാഥാലയങ്ങളിൽ ഉൾപ്പെടെ പുതുതായി എത്തിയവരെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് പതിനഞ്ച് മണിക്കൂറിന് മുമ്പ് പൊലീസ് തന്നെ അനാഥാലയത്തിൽ ഏൽപിച്ച യുവതി തങ്ങൾ തിരയുന്ന കൊലക്കേസ് പ്രതിയാണെന്ന് കണ്ടെത്തിയത്.
ജിത്തു മാനസിക പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നുവെന്ന് മാതാപിതാക്കൾ പൊലീസിനെ അറിയിച്ചിരുന്നു. എന്നാൽ കസ്റ്റഡിയിലുള്ള ജിത്തുവിന് നിലവിൽ മാനസിക പ്രശ്നങ്ങളില്ലന്നാണ് പൊലീസ് പറയുന്നത്. ചോദ്യം ചെയ്യലിൽ ജിത്തു കുറ്റം സമ്മതിച്ചതായാണ് പൊലീസ് നൽകുന്ന വിവരം.
സ്ഥിരമായി സഹോദരിയുമായി വഴക്കിടാറുണ്ട്. സംഭവ ദിവസം വഴക്കിനൊടുവിൽ വിസ്മയയെ കത്തികൊണ്ട് നിരവധി തവണ കുത്തി. മരിച്ചുവെന്ന് കരുതി മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നുവെന്നും ജിത്തു മൊഴി നൽകി.
READ MORE:Paravur Vismaya Murder case പറവൂരിൽ യുവതി പൊള്ളലേറ്റ് മരിച്ച സംഭവം; സഹോദരി അറസ്റ്റിൽ
പറവൂർ പെരുവാരം സ്വദേശി വിസ്മയയെ ചൊവ്വാഴ്ച വൈകുന്നേരമാണ് വീടിന് തീപിടിച്ച് മരിച്ച നിലയിൽ കണ്ടെത്തിത്. ശിവാനന്ദൻ, ഭാര്യ ജിജി, പെൺമക്കളായ വിസ്മയ (25), ജിത്തു (22) എന്നിവരാണ് ഈ വീട്ടിൽ താമസിച്ചിരുന്നത്. ശിവാനന്ദനും ജിജിയും പുറത്തുപോയ സമയത്താണ് മകൾ വിസ്മയ ദുരൂഹ സാഹചര്യത്തിൽ തീ പൊളളലേറ്റ് മരിച്ചത്.
ചൊവ്വാഴ്ച മൂന്ന് മണിയോടെ വീടിനകത്ത് നിന്നു പുക ഉയരുന്നത് കണ്ട അയൽവാസികളാണ് വിവരം പൊലീസിനെയും ഫയർഫോഴ്സിനെയും അറിയിച്ചത്. പൊലീസും ഫയർഫോഴ്സും എത്തിയപ്പോൾ വീടിന്‍റെ ഗേറ്റ് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. മുൻവശത്തെ വാതിൽ തുറന്ന് കിടക്കുകയായിരുന്നു.
വീടിന്‍റെ രണ്ട് മുറികൾ പൂർണമായി കത്തിനശിച്ചു. അതിൽ ഒന്നിലാണ് മൃതദേഹം കിടന്നിരുന്നത്. മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. മൃതദേഹത്തിലുണ്ടായിരുന്ന മാലയുടെ അടിസ്ഥാനത്തിലാണ് മൂത്തമകൾ വിസ്മയയാണ് മരിച്ചതെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞത്.
സംഭവം നടന്നയുടനെ പെൺകുട്ടികളിലൊരാൾ വീട്ടിൽ നിന്നും ഓടി പോകുന്ന ദൃശ്യങ്ങൾ പൊലിസിന് ലഭിച്ചിരുന്നു. ഇത് വിസ്മയയുടെ സഹോദരി ജിത്തുവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെയാണ് വിസ്മയയെ കൊലപ്പെടുത്തി സഹോദരി രക്ഷപ്പെടുകയായിരുന്നുവെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.