എറണാകുളം : നവകേരള സദസ്സിന് യുഡിഎഫ് ഭരിക്കുന്ന പറവൂർ നഗരസഭ പണം നൽകില്ല. നവകേരള സദസിന്‍റെ സംഘാടനത്തിന് ഒരു ലക്ഷം രൂപ അനുവദിക്കാൻ കഴിഞ്ഞ പതിമൂന്നിന് ചേർന്ന നഗരസഭ കൗൺസിൽ തീരുമാനിച്ചിരുന്നു. യുഡിഎഫ് ഭരിക്കുന്ന നഗരസഭ പണം നൽകാൻ തീരുമാനിച്ചതിന്‍റെ രേഖകൾ ഉൾപ്പടെ പുറത്ത് വന്നിരുന്നു (Paravur Muncipality in vd satheesan's constituency will not give money to navakerala sadas).
ഇതിന് പിന്നാലെയാണ് വിഷയത്തിൽ കോൺഗ്രസ് നേതൃത്വം ഇടപെടുകയും തീരുമാനം പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തത്. ഇതോടെയാണ് പണം നൽകരുതെന്ന് ചെയർ പേഴ്‌സൺ ബീന ശശിധരൻ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. പ്രതിപക്ഷ നേതാവിന്‍റെ മണ്ഡലത്തിലെ നഗരസഭയാണ് പറവൂർ നഗരസഭ.
നവകേരള സദസിന് യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ പണം നൽകില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചിരുന്നു. പണം നൽകാനുള്ള പറവൂർ നഗരസഭയുടെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്നും പിന്നീട് പ്രതിപക്ഷ നേതാവ് പ്രതികരിച്ചിരുന്നു.
ALSO READ:നവകേരള സദസ്; മലപ്പുറത്ത് മുസ്ലിം ലീഗ് പ്രതിഷേധം ആഹ്വാനം ചെയ്യില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി
ഈ തീരുമാനത്തിന് വിരുദ്ധമായി ഏതെങ്കിലും യുഡിഎഫ് ഭരണ സമിതി പണം നൽകിയാൽ അവർ പിന്നെ ആ സ്ഥാനത്തുണ്ടാകില്ലെന്നും പ്രതിപക്ഷ നേതാവ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് പറവൂർ നഗരസഭ തീരുമാനം മാറ്റിയത്.