എറണാകുളം: പാലാരിവട്ടം മേല്‍പാലം അഴിമതി കേസില്‍ പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ സൂരജിനെ വിജിലന്‍സ് സംഘം ചോദ്യം ചെയ്‌തു. മുവാറ്റുപുഴ സബ് ജയിലിൽ എത്തിയാണ് സൂരജിനെ അന്വേഷണ സംഘം ചോദ്യം ചെയ്‌തത്. കേസിലെ നാലാം പ്രതിയായ സൂരജിനെ മാത്രം ചോദ്യം ചെയ്യാനുള്ള അപേക്ഷയാണ് വിജിലന്‍സ് പ്രോസിക്യൂട്ടര്‍ എല്‍.ആര്‍ തമ്പാന്‍ മുഖേന അന്വേഷണ സംഘം കോടതിയില്‍ നല്‍കിയത്. വിജിലന്‍സ് ഡി.വൈ.എസ്.പി ആര്‍. അശോക് കുമാറിനാണ് ചോദ്യം ചെയ്യാനുള്ള അനുമതി വിജിലന്‍സ് കോടതി നല്‍കിയത്. രാവിലെ 10 മുതൽ ഒരു മണി വരെ ജയിലിലെത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥന് അനുമതി നൽകിയത്.
ടി.ഒ സൂരജിനെ ചോദ്യം ചെയ്തതില്‍ നിന്നും തെളിവുകള്‍ ലഭിച്ചുവെന്നും അത് കോടതിക്ക് കൈമാറുമെന്ന് വിജിലന്‍സ് സംഘത്തിലെ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ചോദ്യം ചെയ്യലിനായി വിജിലന്‍സിന് സംഘം പ്രത്യേക ചോദ്യാവലി തന്നെ തയാറാക്കിയിരുന്നു. റിമാൻഡില്‍ കഴിയുന്ന ടി.ഒ സൂരജ് മുൻ മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ മൊഴി നല്‍കിയ പശ്ചാത്തലത്തിലാണ് കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയുള്ള ചോദ്യം ചെയ്യല്‍. ഇതിന് ശേഷമാവും ഇബ്രാഹിംകുഞ്ഞിന് നോട്ടീസ് നല്‍കുന്നതടക്കമുള്ള നിര്‍ണായക തീരുമാനത്തിലേക്ക് അന്വേഷണ സംഘം കടക്കുക. മാത്രമല്ല കരാറുകാരന് എട്ടേകാല്‍ കോടി രൂപ മുന്‍കൂറായി നല്‍കിയതടക്കമുള്ള തെളിവുകളും ശേഖരിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തില്‍ പഴുതുകളടച്ചുള്ള ചോദ്യം ചെയ്യല്‍ വേണം എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിര്‍ദേശം. ഇതിനെ തുടര്‍ന്നാണ് കരാര്‍ രേഖകളെല്ലാം വിശദമായി പരിശോധിച്ച് ചോദ്യാവലി തയ്യാറാക്കി അന്വേഷണ സംഘം മുവാറ്റുപുഴ ജയിലില് എത്തിയത്. ഇതിനിടെ പാലാരിവട്ടം പാലം അഴിമതി കേസില്‍ അന്വേഷണം തടയാന്‍ താല്‍പര്യമില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കി. കേസ് ഡയറി ഹാജരാക്കാന്‍ അന്വേഷണസംഘത്തിന് നിര്‍ദേശം നല്‍കിയിരുന്നു.