എറണാകുളം: പാലാരിവട്ടം പാലം അഴിമതിക്കേസിൽ പ്രതിയായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജിന്‍റെ റിമാൻഡ് കാലാവധി നീട്ടി. ഈ മാസം 17 വരെയാണ് നീട്ടിയത്. ജയിലില്‍ നിന്ന് ഇറങ്ങിയാല്‍ പാലാരിവട്ടം അഴിമതിയുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന് സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. ജാമ്യഹര്‍ജി നിലവിലുള്ളതിനാല്‍ കൂടുതല്‍ കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തില്ലെന്നും ടി ഒ സൂരജ് പറഞ്ഞു.
പലിശ വാങ്ങാതെ വായ്പ അനുവദിക്കാൻ മന്ത്രി ഫയലിൽ എഴുതിയെന്നും ഇതിന് രേഖാമൂലം തെളിവുണ്ടെന്നും സൂരജ് നേരത്തെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. ഇതിനെ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ തേടുന്നതിനായി സൂരജിനെ മൂവാറ്റുപുഴ കോടതിയുടെ അനുമതിയോടെ വിജിലൻസ് വീണ്ടും ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷം വിജിലൻസ് പുതുക്കിയ സത്യവാങ്മൂലം ഹൈക്കോടതിയിൽ സമർപ്പിച്ചിരുന്നു. പാലത്തിന്‍റെ നിർമാണം പുരോഗമിക്കുന്ന ഘട്ടത്തിൽ സൂരജ് കൊച്ചിയിൽ കോടികളുടെ സ്വത്ത് വാങ്ങിയെന്നും കോടികളുടെ കള്ളപ്പണം ഇടപാട് നടന്നിട്ടുണ്ടെന്നും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.