എറണാകുളം: പാലാരിവട്ടം പാലം നിർമാണ ക്രമക്കേടിൽ മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യാൻ വിജിലൻസ് നീക്കം. കേസ് അന്വേഷിക്കുന്ന പത്തംഗ വിജിലൻസ് സംഘം ആലുവയിലെ ഇബ്രാഹിം കുഞ്ഞിന്‍റെ വീട്ടിൽ പരിശോധന നടത്തി. ഇബ്രാഹിം കുഞ്ഞ് വീട്ടിലില്ലെന്നും ചികിത്സയിലാണെന്നും വീട്ടുകാർ അറിയിച്ചെങ്കിലും സംശയത്തെ തുടർന്നാണ് പൊലീസിന്‍റെ സഹായത്തോടെ വീട്ടിൽ പരിശോധന നടത്തിയത്.
ഇബ്രാഹിം കുഞ്ഞിനെ മുമ്പ് പല തവണ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. നോട്ടീസ് നൽകി വിളിച്ചു വരുത്തുന്നതിനു പകരം ഉദ്യോഗസ്ഥർ വീട്ടിലെത്തിയത് ഇബ്രാഹിം കുഞ്ഞിനെ നേരിട്ട് കസ്റ്റഡിയിലെടുക്കാനാണെന്നാണ് സൂചന. അതേസമയം ഇബ്രാഹിം കുഞ്ഞ് ചികിത്സയിലുണ്ടെന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. ഇതേ തുടർന്ന് വിജിലൻസ് സംഘം ആശുപത്രിയിൽ നേരിട്ടെത്തി ആശുപത്രി അധികൃതരിൽ നിന്നും ആരോഗ്യ സ്ഥിതി സംബന്ധിച്ച് വിവരങ്ങൾ ശേഖരിക്കും. തുടർന്നായിരിക്കും മറ്റു നടപടികളിലേക്ക് കടക്കുക. എൻഫോഴ്സ്മെന്‍റും വിജിലൻസും പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നുണ്ട്. വിജിലൻസ് മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ. സൂരജ്, നിർമ്മാണ കമ്പനി ഉടമ സുമിത് ഗോയൽ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.