എറണാകുളം: കൊച്ചി പച്ചാളം സ്ത്രീധന പീഡനക്കേസിലെ പ്രതികൾ അറസ്റ്റിൽ. ക്രൂര മർദനത്തിനിരയായ യുവതിയുടെ ഭർത്താവ് ജിപ്‌സൺ, ഭർതൃ പിതാവ് പീറ്റർ എന്നിവരെയാണ് നോർത്ത് പൊലീസ് അറസ്റ്റ് ചെയ്‌തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിൽ യുവതിയുടെ പരാതിയിൽ ഭർത്താവിന്‍റെ അമ്മക്കെതിരെയും ആക്ഷേപമുണ്ട്. അന്വേഷണം നടത്തിയ ശേഷമായിരിക്കും ഇവരെ അറസ്റ്റു ചെയ്യുകയെന്ന് കൊച്ചി സിറ്റി പൊലീസ് അസിസ്റ്റന്‍റ് കമ്മിഷണർ കെ. ലാൽജി പറഞ്ഞു.
കേസിൽ പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്ന് യുവതിയും കുടുംബവും നേരത്തെ ആരോപിച്ചിരുന്നു. ഈ കേസിൽ പൊലീസിനെതിരെ വനിത കമ്മിഷനും രൂക്ഷമായ വിമർശനമുന്നയിച്ചിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവോ ബന്ധുക്കളോ പീഡിപ്പിക്കുന്നതിനെതിരായ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498 (എ) വകുപ്പ്, ഐ പി സി 324 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്.
സ്വർണം നൽകാത്തതിനെ തുടർന്ന് പീഡനം
ചക്കരപറമ്പ് സ്വദേശിയായ ജോർജ്ജിന്‍റെ മകളും പച്ചാളം സ്വദേശിയുമായ ജിപ്‌സനും തമ്മിൽ മൂന്ന് മാസം മുമ്പാണ് വിവാഹം നടന്നത്. ഒരാഴ്‌ചയ്ക്കകം തന്നെ ജിപ്‌സൻ ഭാര്യയുടെ അമ്പത് പവൻ സ്വർണം ആവശ്യപ്പെട്ടു. എന്നാൽ ഇത് നൽകാൻ യുവതി വിസമ്മതിച്ചതോടെയാണ് പ്രശ്‌നങ്ങൾ തുടങ്ങിയത്. ആദ്യം മനസികമായ പീഡനമായിരുന്നു. പിന്നീട് ക്രൂരമായ മർദനത്തിനിരയാക്കിയെന്നാണ് യുവതിയുടെ പരാതി.
READ MORE: യുവതിക്കും പിതാവിനും മർദനം; സർക്കാർ നിലപാട് ആരാഞ്ഞ് ഹൈക്കോടതി
ഭക്ഷണം പോലും കൃത്യമായി നൽകിയിരുന്നില്ല. അടുക്കളയിൽ നിന്നും ചോറ് എടുത്ത് കഴിച്ചതിനെ തുടർന്ന് ഇറക്കിവിടുകയും തുടർന്ന് യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിവരികയുമായിരുന്നു. പ്രശ്‌നം പരിഹരിക്കാനായി ജിപ്‌സന്‍റെ വീട്ടിലെത്തിയ യുവതിയുടെ പിതാവ് ജോർജിന്‍റെ കാല് തല്ലിയൊടിച്ചതായാണ് ആരോപണം. തുടർന്നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. യുവതി നൽകിയ പരാതിയിൽ തന്‍റെ പിതാവിന്‍റെ കാല് തല്ലിയൊടിച്ചത് ജിപ്‌സനും അയാളുടെ പിതാവ് പീറ്ററുമാണന്ന് ആരോപിച്ചിരുന്നു.
READ MORE: സ്ത്രീധന പീഡനം; എറണാകുളത്ത് യുവതിക്ക് ക്രൂര പീഡനം, പിതാവിന്‍റെ കാൽ തല്ലിയൊടിച്ചു