എറണാകുളം: കേരളത്തിന്‍റെ പ്രത്യേകതകൾ കണക്കിലെടുത്താണ് കരട് വ്യവസായ നയത്തിന് സർക്കാർ രൂപം നൽകിയതെന്ന് വ്യവസായ മന്ത്രി പി രാജീവ്. വ്യവസായ നയത്തെക്കുറിച്ച് അഭിപ്രായം സമാഹരിക്കാനായി കെഎസ്‌ഐഡിസി കൊച്ചിയിൽ ഇന്ന് സംഘടിപ്പിച്ച ആശയ വിനിമയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 21 മേഖലകളായി തിരിച്ച് ഓരോന്നിനും പ്രത്യേകം ഊന്നൽ നൽകിയാണ് നയം രൂപപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'കാലഹരണപ്പെട്ട നിയമം പരിഷ്‌കരിക്കും': സൺറൈസ് മേഖലകളിലെ നിക്ഷേപവും പുരോഗതിയും നയം ലക്ഷ്യമിടുന്നു. ഓരോ മേഖലയിലെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും നിക്ഷേപം ആകർഷിക്കുന്നതിനും പ്രത്യേകം ടീമിന് രൂപം നൽകും. സംരംഭക വർഷം പദ്ധതിയുടെ വിജയത്തിൽ ഇന്‍റേണുകൾ വഹിച്ച പങ്ക് വിലയിരുത്തിയിട്ടുണ്ട്. കേരളത്തെ ബ്രാന്‍ഡ് ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. കേരള ബ്രാന്‍ഡില്‍ പുറത്തിറക്കുന്ന ഉത്‌പന്നങ്ങൾക്ക് നിശ്ചിത ഗുണനിലവാരം ഉറപ്പാക്കും.
കയറ്റുമതി വർധിപ്പിക്കാൻ പ്രത്യേകം ഊന്നൽ നൽകും. വ്യവസായങ്ങൾക്കായി പ്രത്യേക ഇളവുകളും നയത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. നിക്ഷേപം ആകർഷിക്കുന്നതിനായി കാലഹരണപ്പെട്ട നിയമങ്ങൾ പരിഷ്‌ക്കരിക്കുന്നതിനും പരിശോധനകൾ സുതാര്യമാക്കുന്നതിനും സർക്കാർ തയ്യാറായി. നിക്ഷേപ സൗഹ്യദ റാങ്കിങില്‍ മികച്ച നേട്ടം കൈവരിച്ചത് ഇതിന്‍റെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു.
ഇഎസ്‌ജി വിജ്ഞാന സമ്പദ് വ്യവസ്ഥ എന്നിവയ്ക്ക് ഊന്നൽ നൽകുന്ന നയം കേരളത്തിന് ഗുണകരമാണെന്ന് കോൺഫഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് കേരള വൈസ് ചെയർമാൻ അജു ജേക്കബ് പറഞ്ഞു. ഭക്ഷ്യ സംസ്‌കരണം, മറൈൻ തുടങ്ങിയ മേഖലകളിൽ വളർച്ചക്ക് സഹായകമാണ് പുതിയ നയം. വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യവസായവും തമ്മിൽ ബന്ധപ്പെട്ട് പ്രവർത്തിക്കുന്നത് ഗുണകരമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളുടെ നിക്ഷേപ ശ്രമം അഭിനന്ദനീയം: പുതിയ സംരംഭകർക്ക് സഹായകരമാകും വിധം പ്രോജക്‌ടുകൾ മുന്നോട്ട് വയ്‌ക്കണമെന്ന് ഫിക്കി കേരള കോ ചെയർമാൻ ദീപക് അശ്വിനി പറഞ്ഞു. പ്രവാസി മലയാളികളുടെ നിക്ഷേപം ആകർഷിക്കാനുള്ള ശ്രമം അഭിനന്ദനീയമാണ്. കയറ്റുമതി, ഭൂവിനിയോഗ നയം എന്നിവയിൽ ഇളവുകൾ നൽകണമെന്നും അദ്ദേഹം നിർദേശിച്ചു.
നൈപുണ്യവികസനത്തിന് നയം പ്രാധാന്യം നൽകുന്നുണ്ടെന്ന് ടൈ കേരള ചെയർമാൻ അനീഷ ചെറിയാൻ പറഞ്ഞു. കൊച്ചിയിൽ സംഘടിപ്പിച്ച ആശയ വിനിമയ പരിപാടിയിൽ വിവിധ സംഘടനകൾ, പ്രമുഖ സംരംഭകർ എന്നിവർ പങ്കെടുത്തു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല വ്യവസായ നയവും, വ്യവസായ വകുപ്പ് ഡയറക്‌ടർ എസ് ഹരികിഷോർ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നത് സംബന്ധിച്ച മാർഗരേഖയും അവതരിപ്പിച്ചു. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് മോഡറേറ്ററായി.