എറണാകുളം: കേരള കോൺഗ്രസ് ജോസ്. കെ മാണി വിഭാഗത്തിന് അനുകൂലമായ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിനെതിരെ പി.ജെ ജോസഫ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ചത് നിയമ വിരുദ്ധമായതിനാല്‍ റദ്ദാക്കണമെന്നാണ് പി.ജെ ജോസഫിന്‍റെ ആവശ്യം. ജോസ്.കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത നടപടി റദാക്കിയ കോടതി വിധി നിലവിലുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
450 അംഗ സംസ്ഥാന സമിതിയിലെ 305 അംഗങ്ങളെ മാത്രം പരിഗണിച്ചാണ് കമ്മിഷൻ ഭുരിപക്ഷം നിശ്ചയിച്ചത്. കമ്മീഷന്‍റെ നടപടി അധികാര പരിധി ലംഘിക്കുന്നതാണെന്നും ജോസഫ് ഹർജിയിൽ ആരോപിച്ചിരുന്നു. കേരള കോൺഗ്രസ് രണ്ടില ചിഹ്നം ജോസ് പക്ഷത്തിന് അനുവദിച്ചതോടെ, ഔദ്യോഗിക കേരള കോൺഗ്രസ് എം ജോസ് പക്ഷമാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ അംഗീകരിച്ചിരിക്കുകയാണ്. ഇതു സംബന്ധമായ നിയമ തർക്കത്തിൽ തങ്ങൾക്ക് അനുകൂലമായ കോടതി വിധി നിലനിൽക്കെ, കമ്മിഷൻ ജോസ് വിഭാഗത്തിന് അനുകൂല തീരുമാനമെടുത്തുവെന്നതാണ് പി.ജെ ജോസഫിന്റെ പ്രധാന വാദം.