എറണാകുളം : തിരുവനന്തപുരത്തു നിന്ന് ഹെലികോപ്റ്റർ മാർഗം ഹൃദയമുൾപ്പടെയുളള അവയവങ്ങൾ കൊച്ചിയിലെത്തിച്ചു (Kerala air ambulance carries Organs from Thiruvananthapuram to Kochi). മസ്‌തിഷ്‌ക മരണം സംഭവിച്ച തമിഴ്‌നാട് കന്യാകുമാരി വിളവിന്‍കോട് സ്വദേശി സെല്‍വിന്‍ ശേഖറിന്‍റെ (36) അവയവങ്ങളാണ് ഹെലികോപ്റ്റർ മാർഗം കൊച്ചിയിലെത്തിച്ചത്. കായംകുളം സ്വദേശി ഹരിനാരായണനിൽ (16) മാറ്റി വയ്ക്കാനായാണ് ഹൃദയം എത്തിച്ചത്.
തിരുവനന്തപുരത്ത് നിന്ന് രാവിലെ പതിനൊന്നരയോടെയാണ് അവയവങ്ങള്‍ കൊച്ചിയിലെത്തിച്ചത്. ഗ്രാന്‍റ് ഹയാത്തിലെ ഹെലിപ്പാഡില്‍ ഹൃദയവുമായി എത്തിയ ഹെലികോപ്റ്റർ ഇറങ്ങി. തുടർന്ന് അഞ്ച് മിനിറ്റിനകം റോഡ് മാർഗം ഹൃദയ ശസ്ത്രക്രിയ നടത്തുന്ന ലിസി ആശുപത്രിയിലെത്തിച്ചു (Organs transported through air ambulance Kerala).
ലിസി ആശുപത്രി അധികൃതർ, മന്ത്രി പി. രാജീവ് മുഖേന മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് ഹൃദയം എത്തിക്കാന്‍ സർക്കാർ ഹെലികോപ്റ്റർ അനുവദിച്ചത്. ഡൈലേറ്റഡ് കാർഡിയോ മയോപതി എന്ന അസുഖമാണ് ഹരിനാരായണന് ഉണ്ടായിരുന്നത്. ഹരിനാരായണൻ്റെ സഹോദരൻ സൂര്യനാരായണൻ 2021 ൽ സമാനമായ അസുഖം മൂലം ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അന്നും സംസ്ഥാന സർക്കാരിൻ്റെ ഹെലികോപ്റ്ററിൽ ആണ് തിരുവനന്തപുരത്തു നിന്നും ഹൃദയം എത്തിച്ചത്.
ലിസി ആശുപത്രിയിലെ 28-ാമത് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണിത് (Organ transplantation Kerala). ഡോ. ജോസ് ചാക്കോ പെരിയപുറത്തിൻ്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തുന്നത്. ഡോ. ജേക്കബ് എബ്രഹാം, ഡോ. ജീവേഷ് തോമസ് എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ സംഘം ഹൃദയം എടുക്കുന്നതിനായി ഇന്നലെ രാത്രിയോടെ തിരുവനന്തപുരം കിംസ് ആശുപത്രിയിൽ എത്തിച്ചേർന്നിരുന്നു.
സെൽവിൻ ശേഖറിന്‍റെ ഒരു വൃക്ക കിംസ് ആശുപത്രിയിലെ രോഗിക്കും ഒരു വൃക്കയും പാന്‍ക്രിയാസും ആസ്റ്റര്‍ മെഡിസിറ്റിയിലെ രോഗികള്‍ക്കുമാണ് നല്‍കുന്നത്. കണ്ണുകള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലെ രണ്ട് രോഗികള്‍ക്ക് നല്‍കും. ഇങ്ങനെ ആറു പേർക്ക് ജീവിതം പകുത്ത് നൽകിയാണ് സെൽവിൻ യാത്രയാവുന്നത്.
തമിഴ്‌നാട്ടിലെ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു സെല്‍വിന്‍ ശേഖര്‍. ഭാര്യയും സ്റ്റാഫ് നഴ്‌സാണ്. കടുത്ത തലവേദന വന്നതിനെ തുടര്‍ന്ന് അവിടത്തെ ആശുപത്രിയിലും നവംബര്‍ 21ന് കിംസിലും സെല്‍വിന്‍ ശേഖര്‍ ചികിത്സ തേടിയിരുന്നു. പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടെന്ന് കണ്ടെത്തി. ചികിത്സ തുടരവേ നവംബര്‍ 24ന് മസ്‌തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. അവയവദാനത്തിന്‍റെ പ്രാധാന്യമറിയുന്ന സെല്‍വിന്‍റെ ഭാര്യയാണ് അവയവദാനത്തിന് സന്നദ്ധത അറിയിച്ചത്.