എറണാകുളം: നൂറ് ദിവസം പൂർത്തിയാക്കുന്ന രണ്ടാം പിണറായി സർക്കാറിന്‍റെ വീഴ്‌ചകൾ ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊവിഡ് പ്രതിരോധത്തിലെ സർക്കാരിന്‍റെ പരാജയമാണ് നിലവിലെ സാഹചര്യത്തിൽ പ്രകടമാകുന്നത്. തെരഞ്ഞെടുപ്പ് വിജയത്തിൻ്റെ ആലസ്യത്തിലാണ് സർക്കാർ ഇപ്പോഴുമുള്ളതെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
Also Read: ഡിസിസി അധ്യക്ഷന്മാരുടെ അന്തിമ സാധ്യത പട്ടികയായി
ഐസിയു, വെന്‍റിലേറ്ററുകൾ കിട്ടാത്ത സാഹചര്യമാണുള്ളത്. സംസ്ഥാനത്ത് നൂറ് ശതമാനം ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു. മൂന്നാം തരംഗത്തെ നേരിടാൻ സർക്കാർ ഒരു തയ്യാറെടുപ്പും തുടങ്ങിയിട്ടില്ല. കൊവിഡ് നിയന്ത്രണം ഉദ്യോഗസ്ഥർ ഹൈജാക്ക് ചെയ്തിരിക്കുകയാണന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
നിസാര കാര്യങ്ങൾക്ക് പത്രസമ്മേളനം നടത്തിയിരുന്ന മുഖ്യമന്ത്രി മാധ്യമങ്ങളെ കാണാൻ തയ്യാറാകുന്നില്ല. സർക്കാർ സമ്പർക്ക പട്ടിക തയ്യാറാക്കണം, വാക്‌സിൻ വിതരണം പൂർത്തിയാക്കണം, ഫാമിലി ക്ലസ്റ്റർ ഒഴിവാക്കണം തുടങ്ങിയ ആവശ്യങ്ങളും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു.
തദ്ദേശ സ്ഥാപനങ്ങൾ സി.എഫ്.എൽ.ടി.സികൾ തുടങ്ങിയിട്ട് ഇതുവരെ പണം നൽകിയിട്ടില്ല. വാക്‌സിൻ വിതരണവും പ്രളയ ദുരിതാശ്വാസവും പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്. വാക്‌സിൻ എടുത്തവർ മരണപ്പെട്ട വിഷയം സർക്കാർ പഠിച്ച് വിശദീകരിക്കണം. ജനങ്ങൾക്കിടയിൽ ഭീതി പരക്കാതിരിക്കാനാണ് ഈ വിഷയം ഉന്നയിക്കാത്തതെന്നും വി.ഡി.സതീശൻ പറഞ്ഞു.
മുട്ടിൽ മരംമുറിക്കേസിൽ സത്യസന്ധരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥനെ സർക്കാർ സംരക്ഷിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു. മരംമുറി കേസിലെ അഗസ്റ്റിൻ സഹോദരങ്ങളെ ഒളിവിൽ താമസിപ്പിച്ചത് സർക്കാറുമായി ബന്ധമുള്ളവരാണ്.
കേരളത്തിന്‍റെ കോൺഗ്രസ് ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വേഗത്തിൽ ഡി.സി.സി പട്ടിക പ്രഖ്യാപിക്കുന്നതെന്നും എല്ലാ നേതാക്കൻമാരുമായും ചർച്ച നടത്തിയിരുന്നെന്നും വി.ഡി സതീശൻ അറിയിച്ചു. ഒരു തരത്തിലുള്ള സമ്മർദ്ദങ്ങൾക്കും വഴങ്ങില്ല എന്ന് ആദ്യമേ തീരുമാനമെടുത്തിരുന്നെന്നും ഡി.സി.സി പ്രസിഡന്‍റുമാരുടെ പട്ടിക വൈകുന്നതിനെ കുറിച്ച് പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.