എറണാകുളം : സോളാർ പീഡനക്കേസിലെ സിബിഐ അന്വേഷണം ബിജെപിയും സി.പി.എമ്മും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്‍റെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
സംസ്ഥാന പൊലീസ് അന്വേഷിച്ച് തെളിവില്ലെന്ന് പറഞ്ഞ കേസിന്‍റെ അന്വേഷണം കോൺഗ്രസ് നേതാക്കളെ അപമാനിക്കാനാണ് സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയത്.
നേതാക്കളെ ജനങ്ങളുടെ മുന്നിൽ അധിക്ഷേപിക്കുക എന്നത് മാത്രമാണ് സർക്കാർ ലക്ഷ്യമെന്നും വി.ഡി.സതീശൻ ആരോപിച്ചു.
Also Read: സോളാർ പീഡനക്കേസ്; സി.ബി.ഐ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു
സംസ്ഥാന സർക്കാറിനെതിരായ എല്ലാ കേന്ദ്ര അന്വേഷണവും ഇപ്പോൾ നിലച്ചിരിക്കുകയാണ്. തട്ടിപ്പുകേസിലെ പ്രതിയായ സ്ത്രീയുടെ ആവശ്യപ്രകാരമാണ് സിബിഐ അന്വേഷണത്തിന് സർക്കാർ തീരുമാനിച്ചത്.
എന്നാൽ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഡോളർ കടത്ത് കേസിന്‍റെ അന്വേഷണം എന്തുകൊണ്ടാണ് സിബിഐക്ക് വിടാത്തതെന്നും വി.ഡി സതീശന്‍ ചോദിച്ചു.
സിബിഐ അന്വേഷണത്തിനെതിരെ കോടതിയെ സമീപിക്കുന്ന കാര്യം നിയമോപദേശത്തിനും ചർച്ചകൾക്ക് ശേഷം തീരുമാനിക്കും.
ജോലി ഭാരത്തിന്‍റെ പേര് പറഞ്ഞ് പല കേസുകളും ഒഴിവാക്കുന്ന സിബിഐ സോളാർ കേസ് ഏറ്റെടുത്തതിന് പിന്നിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്നും വി.ഡി സതീശൻ ആരോപിച്ചു.