എറണാകുളം : ഗവർണർക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഭിക്ഷാംദേഹിയെപ്പോലെ അഞ്ച് രാഷ്ട്രീയ പാർട്ടികളിൽ അലഞ്ഞുനടന്നയാളാണ് ആരിഫ് മുഹമ്മദ് ഖാൻ. രാഷ്ട്രീയ സ്ഥിരതയില്ലാത്ത ആരിഫ് മുഹമ്മദ് ഖാൻ്റെ ഉപദേശം തനിക്കാവശ്യമില്ലെന്നും ഗവർണറുടെ വിമർശനത്തിന് വി.ഡി സതീശൻ മറുപടി നൽകി.
സംഘപരിവാർ വക്താവായാണ് ഗവർണർ സംസാരിക്കുന്നത്. നയപ്രഖ്യാപനം നടത്തില്ല എന്ന് ഗവർണർ പറഞ്ഞത് ഭരണഘടനാ ലംഘനമാണ്. ഗവർണർ സ്ഥാനത്തിരിയ്ക്കാൻ അദ്ദേഹം യോഗ്യനല്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
ഗവർണറോട് നയപ്രഖ്യാപനം നടത്തണമെന്ന് പറയാനുള്ള ആർജവം മുഖ്യമന്ത്രിക്കുണ്ടായില്ല. സർക്കാർ ഗവർണറുടെ അനാവശ്യ സമ്മർദത്തിന് വഴങ്ങുകയാണ് ചെയ്‌തത്. ഗവർണറെ സർക്കാർ നിലയ്ക്ക് നിർത്തണമെന്നും വി.ഡി സതീശൻ പറഞ്ഞു.
Also Read: 'സ്ഥായിയായ അഭിപ്രായമില്ല, ഗവർണർ തറ രാഷ്ട്രീയം കളിക്കുന്നു' ; വിമര്‍ശനവുമായി കെ സുധാകരൻ
പ്രതിപക്ഷത്തിന് ഒത്തുതീർപ്പുകളും വിട്ടുവീഴ്‌ചകളും ഇല്ലെന്നും ഭരണഘടനാ ലംഘനം നടത്തിയാൽ ഇനിയും വിമർശിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു. ഗവർണർ ഇങ്ങനെ പോയാൽ കേരളത്തിലെ ബിജെപി നേതാക്കൾക്ക് ജോലി ഇല്ലാതാവും. കേന്ദ്ര ബിജെപി നേതാക്കളുടെയും കേരളത്തിലെ സിപിഎം നേതാക്കളുടെയും ഇടനിലക്കാരനാണ് ഗവർണറെന്നും വി.ഡി സതീശൻ ആരോപിച്ചു.
സിപിഎം നേതൃത്വത്തിൻ്റെ അറിവോടെയാണ് കിഴക്കമ്പലത്ത് ദളിത് യുവാവിനെ അടിച്ച് കൊന്നതെന്നും വി.ഡി സതീശൻ കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.