കൊച്ചി: നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമുണ്ടാക്കാന്‍ ആരംഭിച്ച ഓപ്പറേഷൻ ബ്രേക്ക് ത്രൂവുമായി ബന്ധപ്പെട്ട് ജില്ലാ കലക്‌ടർ എസ്.സുഹാസ് പേരണ്ടൂര്‍ കനാല്‍ സന്ദര്‍ശിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട പ്രാരംഭ പഠനങ്ങൾ 30 വാർഡുകളിൽ പൂർത്തിയായി. രണ്ടാം ഘട്ടത്തിലേക്ക് കടന്നിരിക്കുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ ജനുവരി ഒന്ന് മുതൽ ആരംഭിക്കുമെന്നും പേരണ്ടൂർ കനാൽ സന്ദർശിച്ചതിന് ശേഷം ജില്ലാ കലക്‌ടർ പറഞ്ഞു.
ബ്രേക്ക് ത്രൂ പദ്ധതിയിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നത് പേരണ്ടൂർ കനാലാണ്. റോഡിനേക്കാൾ ഉയരത്തിൽ കനാൽ നിൽക്കുന്നതിനാൽ വിദഗ്ധരുടെ അഭിപ്രായം തേടിയതിന് ശേഷം റിപ്പോർട്ട് തയ്യാറാക്കി, ടെക്നിക്കൽ കമ്മിറ്റി പാസാക്കും. ഇതിന് പിന്നാലെ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും ജില്ലാ കലക്‌ടർ വ്യക്തമാക്കി.
അനധികൃത കയ്യേറ്റങ്ങളും അശാസ്‌ത്രീയ നിർമാണങ്ങളും തോടുകളിലെയും കനാലുകളിലെയും മാലിന്യ നിക്ഷേപവുമാണ് ഭൂരിഭാഗം മേഖലകളിലെയും വെള്ളക്കെട്ടിന് കാരണമെന്നാണ് ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. ഇക്കാര്യങ്ങൾ വിശദീകരിച്ച് പരിഹാരമാർഗങ്ങൾ നിർദേശിച്ചുള്ള വിശദമായ റിപ്പോർട്ട് ഉടൻ തന്നെ ഫീൽഡ് സർവീസ് സംഘം ടെക്നിക്കൽ കമ്മിറ്റിക്ക് കൈമാറും. ഇതിന്‍റെ ഭാഗമായാണ് ജില്ലാ കലക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജഡ്ജസ് അവന്യുവിലെ പേരണ്ടൂർ കനാലിൽ സന്ദർശിച്ചത്.
ഭാവിയിൽ പരാതികൾക്കിടയാകാത്ത വിധത്തിൽ കുറ്റമറ്റ രീതിയിലായിരിക്കണം സ്ഥലപരിശോധനയടക്കമുള്ള പ്രവർത്തനങ്ങൾ നടത്തേണ്ടതെന്ന് കലക്‌ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. 13 എക്സിക്യൂട്ടീവ് എഞ്ചിനീയർമാരടങ്ങുന്ന ടെക്നിക്കൽ കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. 13 വകുപ്പുകളിൽ നിന്നുള്ള 90 ഉദ്യോഗസ്ഥരും ഓപ്പറേഷൻ ബ്രേക്ക് ത്രൂ പദ്ധതിയിൽ പങ്കാളികളാണ്.