എറണാകുളം: എല്ലാ ആദിവാസി കോളനികളിലും പരിശീലനം നേടിയ ഊരുമിത്രം ആശമാരുടെ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ. ഊരുമിത്രം പദ്ധതിയുടെ ജില്ലാതല ഉദ്‌ഘാടനം കോതമംഗലത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ആദിവാസി ഊരുകളിലെ ജനങ്ങളുടെ ആരോഗ്യസ്ഥിതിയിൽ വലിയ മാറ്റം ഉണ്ടാക്കാൻ ഊരുമിത്രം പദ്ധതിക്ക് കഴിയുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ആദിവാസി ഊരുകളിൽ താമസിക്കുന്നവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും ആദിവാസി സമൂഹത്തിന് യോജിക്കുന്ന തരത്തിലുള്ള പ്രത്യേക ആരോഗൃ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനുമുള്ള ശ്രമത്തിന്‍റെ ആദ്യപടിയായാണ് പദ്ധതി നടപ്പാക്കുന്നത്. കോതമംഗലം താലൂക്കിലെ പതിനാറോളം ആദിവാസി ഊരുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. പരിശീലനം ലഭിച്ച 19 ഊര് ആശ പ്രവർത്തകരെയാണ് ആദ്യഘട്ടത്തിൽ നിയമിച്ചിട്ടുള്ളത്. ഇവര്‍ക്ക് പദ്ധതിയുടെ ഭാഗമായി ഫസ്റ്റ് എയ്ഡ് മെഡിസിൻ കിറ്റും, വീൽചെയർ ഉൾപ്പെടെയുള്ള ഉപകരണങ്ങളും, അത്യാവശ്യ മരുന്നുകളും, രേഖകളും സൂക്ഷിക്കുന്നതിന് വേണ്ടി ഷെൽഫ് അടക്കമുള്ള സംവിധാനങ്ങളും നൽകി. കോതമംഗലം താലൂക്ക് ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ അധ്യക്ഷത വഹിച്ചു. വിവിധ ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ, സാമൂഹ്യ- സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.