എറണാകുളം: ശബരിമല വിഷയത്തിൽ ഇടതുപക്ഷത്തിന്‍റെ കള്ളക്കളിയാണ് പുറത്ത് വരുന്നതെന്ന് ഉമ്മൻ ചാണ്ടി. ശബരിമല വിഷയത്തിൽ യുഡിഎഫിന് ഒറ്റ നിലപാട് മാത്രമാണ് ഉള്ളത്. അധികാരത്തിൽ ഇരിക്കുമ്പോഴും പ്രതിപക്ഷത്ത് ഇരിക്കുമ്പോഴും ഒരേ നിലപാടാണ് സ്വീകരിച്ചത്.
തങ്ങൾ കൊടുത്ത സത്യവാങ്മൂലം വിശ്വാസികളുടെ താൽപര്യം സംരക്ഷിക്കുന്നതാണ്. ശബരിമല വിഷയത്തിൽ കടകംപള്ളി സുരേന്ദ്രൻ ഖേദം പ്രകടിപ്പിച്ചതിൽ ആത്മാർഥതയുണ്ടെങ്കിൽ, ശബരിമല വിഷയത്തിൽ ഇടതുസർക്കാർ നൽകിയ സത്യവാങ്മൂലം പിൻവലിക്കണം. എന്നാൽ, ഇതുവരെ അതിന് തയ്യാറായിട്ടില്ല. അതിന്‍റെ അര്‍ഥം ഇടതുമുന്നണി ജനങ്ങളെ കബളിപ്പിക്കുകയാണെന്നാണ്. ബിജെപി- സിപിഎം രഹസ്യധാരണയെ കുറിച്ച് കെപിസിസി പ്രസിഡന്‍റും പ്രതിപക്ഷ നേതാവും പലവട്ടം പറഞ്ഞതാണ്. അതാണ് ഇപ്പോൾ പുറത്ത് വരുന്നതെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.