എറണാകുളം : ഓണം ബമ്പര്‍ ഒന്നാം സമ്മാനം ഇത്തവണയും എറണാകുളത്ത് വിറ്റ ടിക്കറ്റിന്. 12 കോടി രൂപയുടെ ഓണം ബമ്പര്‍ സമ്മാനത്തിന് അർഹമായ TE 645465 നമ്പർ ടിക്കറ്റ് വിറ്റത് തൃപ്പൂണിത്തുറയിലെ മീനാക്ഷി ലോട്ടറീസ് എന്ന സ്ഥാപനമാണ്. എന്നാൽ ഇതുവരെയും ഭാഗ്യവാനെ കണ്ടെത്താനായിട്ടില്ല.
ALSO READ:തിരുവോണം ബമ്പര്‍ : 12 കോടി തൃപ്പൂണിത്തുറയില്‍ വിറ്റ ടിക്കറ്റിന്
കോട്ടയത്തെ തേവര്‍ മുരുകേഷ് ഏജന്‍സിയുടെ തൃപ്പൂണിത്തുറയിലെ ബ്രാഞ്ചാണ് മീനാക്ഷി ലോട്ടറീസ്. കോട്ടയത്തെ ഹെഡ് ഓഫിസിൽ നിന്ന് കഴിഞ്ഞ മാസം എട്ടാം തിയ്യതിയാണ് ടിക്കറ്റ് തൃപ്പൂണിത്തുറയിലെ കടയിൽ എത്തിച്ചത്. കടയിൽ നിന്ന് ടിക്കറ്റ് നേരിട്ടുവാങ്ങിയ ആൾക്കാണ് സമ്മാനം ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ തവണ ഓണം ബമ്പറിന്‍റെ രണ്ടാം സമ്മാനമായ ഒരു കോടി രൂപയുടെ ടിക്കറ്റ് വിറ്റതും തൃപ്പൂണിത്തുറയിലെ ഇതേ കടയിൽ നിന്ന് തന്നെ ആയിരുന്നു. ഇത്തവണ ഒന്നാം സമ്മാനം അടിച്ചതിന്‍റെ സന്തോഷത്തിലാണ് ഏജന്‍സി ഉടമകളും ജീവനക്കാരും.
12 കോടിയിൽ നികുതിയും ഏജന്‍റ് കമ്മിഷനും കുറച്ചശേഷം 7.56 കോടി രൂപയാകും ലഭിക്കുക. സംസ്ഥാനത്ത് ആകെ 54 ലക്ഷം ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റുകളാണ് ഈ വര്‍ഷം വിറ്റത്.