എറണാകുളം : കൊവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ ലോകമെങ്ങും വ്യാപിക്കുന്ന സാഹചര്യത്തിൽ അടുത്ത രണ്ടാഴ്ച കേരളത്തിന് നിർണായകമാണെന്ന് ആരോഗ്യ വിദഗ്‌ധനായ ഡോ. പത്മനാഭ ഷേണായ് ഇടിവി ഭാരതിനോട്. ലോകത്ത് എല്ലായിടത്തും മലയാളികളുണ്ട്. അവർ കേരളത്തിൽ വരാനും ഇടപഴകാനുമുള്ള സാഹചര്യം രോഗ പകർച്ചയ്ക്ക് കാരണമായേക്കാം.
ചൈനയിലെ വുഹാനിൽ നിന്ന് കൊവിഡ് വൈറസ് ഇന്ത്യയിൽ ആദ്യമായെത്തിയത് കേരളത്തിലാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. ഒമിക്രോണിനെതിരെ കേരളം ജാഗ്രത പുലർത്തണം. ഈ പുതിയ വകഭേദത്തെ വാക്സിൻ എത്രമാത്രം പ്രതിരോധിക്കുമെന്ന് വ്യക്തമല്ല. മുമ്പ് അസുഖം വന്നവർക്ക് വീണ്ടും വരുമോയെന്നും വ്യക്തമല്ല. രണ്ടാഴ്ചയ്ക്ക് ഉള്ളിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചേക്കും. ഈയൊരു സാഹചര്യത്തിൽ ശരിയായ രീതിയിൽ മാസ്ക് ധരിച്ചും കൈകൾ കഴുകിയും അടച്ചിട്ട സ്ഥലങ്ങളിലെ കൂടി ചേരലുകൾ ഒഴിവാക്കിയും മുന്നോട്ടുപോകണമെന്നും അദ്ദേഹം നിർദേശിച്ചു.
Also Read: Omicron: ഒമിക്രോൺ ഭീതിയിൽ സംസ്ഥാനം; വിമാനത്താവളങ്ങളിൽ കർശന പരിശോധന
ആദ്യത്തെ വകഭേദത്തെ മൂന്ന് മാസത്തിനുള്ളിലാണ് ഡെൽറ്റ വകഭേദം മറികടന്നത്. എന്നാൽ ഡെൽറ്റയെ രണ്ടാഴ്ച കൊണ്ടാണ് ഒമിക്രോൺ മറികടന്നത്. ഒമിക്രോൺ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പടരാനുള്ള സാധ്യത കൂടുതലാണ്. ഡെൽറ്റ വകഭേദം ഒരാളിൽ നിന്ന് അഞ്ചിനും ആറിനും ഇടയില്‍ ആളുകളിലേക്കാണ് പടർന്നിരുന്നത് എന്നാൽ ഒമിക്രോൺ ഇതിന്‍റെ ഇരട്ടിയിലധികം പേരിലേക്കാണ് പടരുകയെന്നും ഡോ. പത്മനാഭ ഷേണായ് പറഞ്ഞു. കൊവിഡ് വൈറസിന് മുമ്പ് സംഭവിച്ച പല വകഭേദങ്ങളും വലിയ പ്രശ്നമില്ലാതെയാണ് കടന്നുപോയത്.
ഒമിക്രോൺ വകഭേദം കൂടുതൽ പേരിലേക്ക് പടരുമെന്ന് വ്യക്തമായിരിക്കുകയാണ്. ഇത് കേരളത്തിലെത്തിയാൽ പടർന്ന് പിടിക്കാനുള്ള സാധ്യത കൂടുതലാണ്. പുറത്തുനിന്ന് കേരളത്തിലേക്ക് വരുന്നവരെ ആർ.ടി.പി.സി ആർ പരിശോധനയ്ക്ക് വിധേയമാക്കണം. ഫലം നെഗറ്റീവ് ആണെങ്കിൽ ഒരാഴ്ച ക്വാറന്‍റൈനില്‍ കഴിഞ്ഞ ശേഷം വീണ്ടും ആർ. ടി.പി.സി. ആർ പരിശോധനയ്ക്ക് വിധേയമാക്കണം.
ഇത്തരത്തിലാണ് ഹോങ്കോങ്ങിൽ പുതിയ വകഭേദം കണ്ടെത്തിയത്. പോസിറ്റീവായവരിൽ അഞ്ച് ശതമാനത്തെയെങ്കിലും വൈറസിന്‍റെ ജനിതക പരിശോധനയ്ക്ക് വിധേയമാക്കി ഒമിക്രോൺ സാന്നിധ്യമുണ്ടോയെന്ന് കണ്ടെത്തണമെന്നും ഡോ പത്മനാഭ ഷേണായ് പറഞ്ഞു.