എറണാകുളം: ജന്മനാട് നൽകിയ സ്വീകരണത്തിലും വലുതായി ഒന്നും നേടാനില്ലെന്ന് ഒളിമ്പ്യൻ പി.ആർ. ശ്രീജേഷ്. ഹോക്കി വെങ്കല മെഡൽ നേട്ടവുമായി ജന്മനാട്ടിൽ തിരിച്ചെത്തി ആവേശകരമായ സ്വീകരണമേറ്റു വാങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നാട്ടിലെത്തിയപ്പോഴാണ് ഒളിമ്പിക്‌സ് മെഡൽ നേട്ടത്തിന്‍റെ ഇരട്ടിമധുരം അനുഭവിച്ചത്. നാട്ടുകാരിൽ നിന്നും പ്രിയപ്പെട്ടവരിൽ നിന്നും ലഭിക്കുന്ന സ്നേഹം വിലമതിക്കാൻ കഴിയാത്ത അംഗീകാരമാണ്. 41 വർഷത്തിന് ശേഷമുള്ള ഈ മെഡൽ നേട്ടം പ്രധാനപെട്ടതാണ്. ഇത് പോലൊരു സ്വീകരണം അവിശ്വസനീയമാണെന്നും ഇത്രയും വലിയ സ്വീകരണം നൽകിയതിന് ഏറെ സന്തോഷമുണ്ടെന്നും ശ്രീജേഷ് പറഞ്ഞു.
മനസിൽ ഗോൾ തടയുകയെന്ന ലക്ഷ്യം മാത്രം
ടെൻഷനില്ലാതെയാണ് കളിച്ചത്. അവസാന ആറ് സെക്കൻഡില്‍ നിർണായകമായ പെനാൾറ്റിയിൽ എങ്ങിനെ ഗോൾ തടയാമെന്ന് മാത്രമാണ് ചിന്തിച്ചത്. എന്ത് വന്നാലും ഈ പന്ത് തടയുമെന്ന് തീരുമാനിച്ചിരുന്നു. സെമി ഫൈനലിലും വിജയപ്രതീക്ഷയുണ്ടായിരുന്നു. അത് നഷ്ടമായപ്പോൾ സങ്കടമുണ്ടായിരുന്നു. എന്നാൽ വെങ്കല മെഡൽ പോരാട്ടത്തിൽ വിജയിക്കുകയായിരുന്നു ലക്ഷ്യം. അത് സാധിച്ചെടുക്കാൻ കഴിഞ്ഞുവെന്നും ശ്രീജേഷ് പറഞ്ഞു.
സർക്കാർ പരിഗണന നൽകുമെന്ന് പ്രതീക്ഷ
കേരളത്തിൽ ഹോക്കിക്ക് വലിയ പ്രചാരമില്ലങ്കിലും തന്‍റെ ഈ മെഡൽ നേട്ടത്തിലൂടെ രക്ഷിതാക്കൾ കുട്ടികളെ ഹോക്കി കളിക്കാൻ വിടട്ടെയെന്ന് ആഗ്രഹിക്കുന്നു. ഭാവിയിൽ ഒളിമ്പിക്‌സിൽ സ്വർണ മെഡൽ വാങ്ങുന്ന താരങ്ങൾ ഉണ്ടാവട്ടെയെന്നും മെഡൽ നേട്ടത്തിന് അർഹമായ പരിഗണന സർക്കാർ തരുമെന്ന് പ്രതീക്ഷിക്കുന്നതായും ശ്രീജേഷ് കൂട്ടിച്ചേർത്തു.
ആവേശത്തിൽ പള്ളിക്കര
ഒളിമ്പിക്‌സ് വെങ്കല മെഡൽ ജേതാവായി തിരിച്ചെത്തിയ താരത്തെ സ്വീകരിക്കാർ നാട്ടുകാരെല്ലാം ശ്രീജേഷിന്‍റെ വീട്ടിലേക്ക് ഒഴുകിയെത്തിയിരുന്നു. പടക്കം പൊട്ടിച്ചും മധുരം വിളമ്പിയും ഒരു നാട് മുഴുവൻ വിജയാഹ്ളാദത്തിന്‍റെ ഭാഗമാവുകയായിരുന്നു.
വൈകുന്നേരം അഞ്ച് മണിയോടെ കൊച്ചിയിൽ വിമാനമിറങ്ങിയ ശ്രീജേഷിനെ കായിക മന്ത്രി വി അബ്ദുറഹ്മാൻ ഉൾപ്പടെയുള്ളവർ ചേർന്നാണ് സ്വീകരിച്ചത്. തുടർന്ന് ജന്മനാടായ കിഴക്കമ്പലം പള്ളിക്കരയിലേക്ക് റോഡ് ഷോ നടത്തി ആനയിക്കുകയായിരുന്നു.