കൊച്ചി: കേരളത്തിന്‍റെ ജൂതമുത്തശ്ശി സാറ കോഹൻ അന്തരിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ മട്ടാഞ്ചേരിയിലെ വീട്ടിലായിരുന്നു അന്ത്യം. രണ്ട് ദിവസം മുമ്പ് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വീട്ടില്‍ തിരിച്ചെത്തിയതിന് പിന്നാലെയാണ് അന്ത്യം സംഭവിച്ചത്. സംസ്‌കാരം ഞായറാഴ്ച മട്ടാഞ്ചേരി ജൂത ടൗണില്‍ നടക്കും.
ബാഗ്ദാദിൽ നിന്ന് കൊച്ചിയിലേക്ക് കുടിയേറിയ പരദേശി ജൂത കുടുംബത്തിന്‍റെ പിന്മുറക്കാരിയായ സാറ, കൊച്ചിയിലാണ് ജനിച്ചത്. കുടുംബാംഗങ്ങളെല്ലാം ഇസ്രയേലിലേക്ക് മടങ്ങിയെങ്കിലും ഇവർ കൊച്ചിയിൽ തന്നെ തുടരുകയായിരുന്നു. കേന്ദ്ര ആദായനികുതി വകുപ്പ് ജീവനക്കാരനായിരുന്ന ഭര്‍ത്താവ് ജേക്കബ് കോഹന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്തരിച്ചു. ജേക്കബിന്‍റെ മരണശേഷം താഹ ഇബ്രാഹിം എന്നയാളാണ് സാറയെ പരിചരിച്ചിരുന്നത്.
മട്ടാഞ്ചേരിയിൽ ശേഷിക്കുന്ന നാല് ജൂത കുടുംബങ്ങളില്‍ ഒരാളായിരുന്നു സാറ കോഹൻ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രായത്തെ അവഗണിച്ച് സാറ വോട്ട് ചെയ്യാൻ എത്തിയത് വാർത്തയായിരുന്നു. ഭർത്താവുമായി ചേർന്ന് ആരംഭിച്ച സാറാസ് എംബ്രോയ്‌ഡറി ഷോപ്പും പ്രസിദ്ധമാണ്. ജൂത സിനഗോഗിലേക്കുള്ള കര്‍ട്ടനുകളും പ്രാര്‍ത്ഥനാ വസ്ത്രങ്ങളും വിവാഹ വസ്ത്രങ്ങളും തൊപ്പികളുമാണ് ഇവിടെ നിര്‍മ്മിച്ചിരുന്നത്.