എറണാകുളം: വീടിനു പുറത്തിറങ്ങാൻ അധികൃതരുടെ കനിവ് കാത്ത് വൃദ്ധ. മുവാറ്റുപുഴ ആരപ്പിള്ളി കോളനി പടിഞ്ഞാറെയിൽ കാർത്യായനിയമ്മയാണ് വീടിനു പുറത്തിറങ്ങാൻ അധികൃതരുടെ കനിവും കാത്ത് കഴിയുന്നത്. കാലങ്ങളായി നടന്നു വന്നിരുന്ന വഴി കൊട്ടിയടക്കപ്പെട്ടതോടെ വീട്ടിലേക്കുള്ള വഴിക്കായി അലയുകയാണ് 86 വയസ് പിന്നിട്ട ഈ അമ്മയും കുടുംബവും. സമീപത്ത് താമസിച്ചിരുന്ന അടുത്ത ബന്ധുവിന്‍റെ ഭൂമി വഴിയടക്കം മറ്റൊരാൾക്ക് വിറ്റതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. നിലവിലുണ്ടായിരുന്ന വഴിയുടെ അവകാശം ഇല്ലാതായതോടെ കോടതിയെ സമീപിച്ചെങ്കിലും മതിയായ രേഖകളുടെ അഭാവം കേസിന് തിരിച്ചടിയായി. വീടിനു മുന്നിലെ പാടവരമ്പിലൂടെ പരമ്പരാഗതമായി നടപ്പു വഴിയുണ്ടായിരുന്നെങ്കിലും ഭൂമി കൈമറഞ്ഞ് പലരുടെ പക്കലായതോടെ ആ വഴിയും അടഞ്ഞു.
മാനുഷിക പരിഗണനയുടെ പേരിലെങ്കിലും വഴി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് താമസക്കാരായ കാർത്യായനിയമ്മയും മകളും ആർ.ഡി.ഒ ഉൾപ്പെടെയുള്ളവർക്ക് പരാതി നൽയിട്ടുണ്ട്. പാടത്ത് കൂടി പരമ്പരാഗതമായുള്ള വഴി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് ആവോലി പഞ്ചായത്തധികൃതരെയും ഈ കുടുംബം സമീപിച്ചിട്ടുണ്ട്.