കൊച്ചി: കടൽ തീരശോഷണം വ്യാപകമാകുന്നതിനാൽ പ്രകൃതി സൗഹൃദ പ്രതിരോധത്തോടൊപ്പം സംരക്ഷണത്തിന്‍റെയും ഭാഗമായി ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതി തീരപ്രദേശങ്ങളിൽ നടപ്പിലാക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. പദ്ധതി ഒക്ടോബർ മാസത്തിൽ ആരംഭിക്കും. 'തീരശോഷണം പ്രതിരോധവും ബദൽ സാധ്യതകളും' എന്ന ഏകദിന ശില്പശാല കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മുൻകൂട്ടി പ്രതിരോധിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.
തീരസംരക്ഷണത്തിനോടൊപ്പം മത്സ്യസമ്പത്തിന്‍റെ സംരക്ഷണവും അത്യാവശ്യമാണ്. ഇതിനായി അക്കാദമിക് പഠനത്തിനൊപ്പം ഫീൽഡ് പഠനവും വേണം. തൊഴിലാളികളുടെ അനുഭവ സമ്പത്തും അക്കാദമിക് മികവും മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.കുസാറ്റ്, കോസ്റ്റൽ ഏരിയ ഡവലപ്മെന്റ് ഏജൻസി ഫോർ ലിബറേഷൻ, കേരള മത്സ്യത്തൊഴിലാളി ഐക്യവേദി എന്നിവരുടെ ആഭിമുഖ്യത്തിലാണ് ശിൽപശാല സംഘടിപ്പിച്ചത്.