എറണാകുളം : പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ ആരോപണവുമായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. നോർത്ത് പറവൂർ താലൂക്ക് എൻഎസ്എസ് കരയോഗത്തിന്‍റെ പ്രവർത്തക സമ്മേളനത്തിലാണ് വി.ഡി സതീശനെതിരെ സുകുമാരൻ നായർ രൂക്ഷ വിമർശനമുന്നയിച്ചത്. ഒരു സാമുദായിക സംഘടനകളുടെയും പിന്തുണ തേടിയിട്ടില്ലെന്ന വി.ഡി സതീശന്‍റെ പ്രസ്‌താവനയാണ് സുകുമാരൻ നായരെ പ്രകോപിപ്പിച്ചത്.
തെരഞ്ഞെടുപ്പ് സമയത്ത് ഒന്നര മണിക്കൂറോളം തന്‍റെ അടുത്തുവന്നിരുന്ന് വോട്ട് അഭ്യർഥിച്ചയാളാണ് വി.ഡി സതീശൻ. വിജയിച്ചുകഴിഞ്ഞപ്പോൾ പിന്തുണയഭ്യർഥിച്ചിട്ടില്ലെന്ന് പറഞ്ഞു. സമുദായത്തെ തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കിൽ അത് സതീശനാണെന്നും പ്രസ്‌താവന തിരുത്തിയില്ലെങ്കിൽ അദ്ദേഹത്തിന്‍റെ ഭാവിക്ക് ഗുണകരമാകില്ലെന്നും സുകുമാരൻ നായർ മുന്നറിയിപ്പ് നൽകി.
മുന്നാക്ക സംവരണത്തിലെ സുപ്രീംകോടതി വിധി സ്വാഗതാർഹമാണെന്നും സുകുമാരൻ നായർ പ്രതികരിച്ചു. ഏറെ നാളത്തെ പോരാട്ടത്തിന്‍റെ വിജയമാണിത്. മന്നത്ത് പത്മനാഭൻ തുടങ്ങിവച്ച ആവശ്യമാണ് അംഗീകരിക്കപ്പെട്ടതെന്നും ഈ നിയമ യുദ്ധത്തിൽ എൻഎസ്എസ്സുമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോടതിവിധി സംവരണ തത്വം അട്ടിമറിക്കും എന്ന വാദം തെറ്റാണെന്ന് പറഞ്ഞ അദ്ദേഹം സംവരണക്കാരിലെ സമ്പന്നരുടെ തട്ടിപ്പാണ് ഇതോടെ ഇല്ലാതാകുന്നതെന്നും വ്യക്തമാക്കി.
ഗവർണറുമായുള്ള സർക്കാരിന്‍റെ ഏറ്റുമുട്ടൽ ഉൾപ്പടെയുള്ള മറ്റ് രാഷ്‌ട്രീയ വിഷയങ്ങളിൽ പ്രതികരിക്കാനില്ലെന്നും സുകുമാരൻ നായർ അറിയിച്ചു.