എറണാകുളം: മുഖ്യമന്ത്രിയുടെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് വീണ്ടും എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റിന്‍റെ നോട്ടീസ്. ഡിസംബർ 10ന് കൊച്ചിയിലെ ഇ.ഡി ഓഫിസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്‌സ്‌മെന്‍റ് രജിസ്റ്റർ ചെയ്‌ത കേസുമായി ബന്ധപ്പെട്ടാണ് മൊഴിയെടുക്കുന്നത്. നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകിയെങ്കിലും കൊവിഡാനന്തര ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് സി.എം രവീന്ദ്രൻ ഹാജരായില്ല.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനും അദ്ദേഹത്തിന്‍റെ സംഘാംഗങ്ങൾക്കും പങ്കുണ്ടെന്ന് ഇ.ഡി നേരത്തെ തന്നെ പ്രിൻസിപ്പൽ സെഷൻസ് കോടതിയെ അറിയിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയായാണ് അഡിഷണൽ പ്രൈവറ്റ് സെക്രട്ടറിയെയും ചോദ്യം ചെയ്യുന്നത്.
സി.എം രവീന്ദ്രന് പങ്കുണ്ടെന്ന് സംശയിക്കുന്ന സ്ഥാപനങ്ങളിൽ ഇ.ഡി പരിശോധന നടത്തി. ഇതിന് പുറമെ ഊരാളുങ്കൽ സർവീസ് സൊസൈറ്റിയിലും പരിശോധന നടത്തിയിരുന്നു. സി.എം രവീന്ദ്രന്‍റെയും, ഭാര്യയുടെയും സ്വത്തുക്കളുടെ വിശദാംശങ്ങൾ തേടി എൻഫോഴ്സ്മെന്‍റ് രജിസ്ട്രേഷൻ വകുപ്പിന് ഇ.ഡി നോട്ടീസ് നൽകിയിരുന്നു. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അദ്ദേഹത്തിന്‍റെയും ഭാര്യയുടെയും പേരിലുള്ള സ്വത്തുക്കളുടെ വിവരങ്ങൾ ശേഖരിച്ച് നൽകാനാണ് ഇ.ഡി രജിസ്ട്രഷൻ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.
സി.എം രവീന്ദ്രനെതിരായ പരാമവധി തെളിവുകൾ ശേഖരിച്ചാണ് ചോദ്യം ചെയ്യുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് രണ്ടാം ഘട്ടത്തിൽ മധ്യകേരളത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം തന്നെയാണ് ചോദ്യം ചെയ്യലിനായി ഇ.ഡി തെരെഞ്ഞെടുത്തത്. ഇത് രാഷ്‌ട്രീയമായ വിവാദങ്ങൾക്ക് കാരണമാകാനും സാധ്യതയുണ്ട്. ഇ.ഡി കേന്ദ്രസർക്കാരിന്‍റെ രാഷ്‌ട്രീയ താൽപര്യങ്ങൾക്കനുസരിച്ച് കേരളത്തിലെ ഇടത് സർക്കാരിനെതിരെ പ്രവർത്തിക്കുകയാണെന്ന് നേരത്തെ തന്നെ സി.പി.എം ഉൾപ്പെടെ ആരോപണമുന്നയിച്ചിരുന്നു.