എറണാകുളം : കൊച്ചി കോർപ്പറേഷനില്‍ സ്പെഷ്യൽ വാക്‌സിനേഷൻ ക്യാമ്പ് മുടങ്ങി. സൂചിയില്ലാത്തതിനാലാണ് വാക്‌സിനേഷൻ മുടങ്ങിയെതെന്ന് ആരോപിച്ച് കൊച്ചി കോർപ്പറേഷന് മുന്നില്‍ പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
'സിറിഞ്ച് തരാം വാക്‌സിൻ നൽകൂ' എന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഓട്ടോ തൊഴിലാളികൾ ഉൾപ്പടെ രോഗ സാധ്യത കൂടുതലുള്ള സാധാരണക്കാർക്ക് വേണ്ടി സംഘടിപ്പിച്ച വാക്‌സിനേഷൻ മുടങ്ങിയത് കോർപ്പറേഷന്‍റെ വീഴ്‌ചയാണെന്നും പ്രതിപക്ഷം ആരോപിച്ചു.
'മേയർ വിഷയത്തിൽ ഇടപെടണം'
പ്രതിഷേധ സമരം ടി.ജെ വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വലിയ പ്രതീക്ഷയോടെ ഓണാഘോഷത്തിന് ഒരുങ്ങുന്ന ജനങ്ങൾക്ക് കൊവിഡ് വാക്‌സിൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരമെന്ന് അദ്ദേഹം പറഞ്ഞു. മേയർ ഉൾപ്പടെയുള്ളവർ വിഷയത്തിൽ അടിയന്തിരമായി ഇടപ്പെട്ട് പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൊച്ചി കോർപ്പറേഷന്‍ ജനങ്ങളെ പരിഹസിക്കുകയാണന്ന്, കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ആന്‍റണി കുരീത്തറ കുറ്റപ്പെടുത്തി. വാക്‌സിൻ ലഭിച്ചപ്പോൾ സിറിഞ്ച് ഇല്ലന്നാണ് പറയുന്നത്. ഇത് രണ്ടും ലഭ്യമാകുമ്പോൾ കുത്തിവയ്ക്കാന്‍ ആളില്ലന്ന് പറയുമോയെന്നും അദ്ദേഹം ചോദിച്ചു.
കോർപ്പറേഷന്‍ ജനങ്ങളെ പറ്റിക്കുകയാണ്. പ്രതിപക്ഷ കൗൺസിലർമാർ പ്രതിഷേധം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ALSO READ: ജനകീയാസൂത്രണത്തിന്‍റെ രജത ജൂബിലി, പ്രസംഗ പട്ടികയില്‍ തോമസ് ഐസകിന് അവഗണന