എറണാകുളം: എസ്‌ഡിപിഐയ്ക്കും പോപ്പുലർ ഫ്രണ്ടിനുമെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. സഞ്ജിത്ത് വധക്കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. എസ്.ഡി.പി.ഐയും പോപ്പുലർ ഫ്രണ്ടും തീവ്രവാദ സംഘടനകളാണെന്ന കാര്യത്തിൽ സംശയമില്ല. ഇരു സംഘടനകളും ഗുരുതരമായ അക്രമങ്ങളിൽ ഏർപ്പെടുന്നവയാണ്.
എന്നാലും എസ്‌ഡിപിഐയും പോപ്പുലർ ഫ്രണ്ടും നിരോധിത സംഘടനകളല്ല. സഞ്ജിത്ത് വധക്കേസന്വേഷണം സി ബി.ഐയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് കെ ഹരിപാലിന്റെ സിംഗിൾ ബഞ്ച് ഗുരുതരമായ പരാമർശം നടത്തിയത്. കേസ് അന്വേഷണം അവസാന ഘട്ടത്തിലെത്തിയ സാഹചര്യത്തിൽ സി.ബി.ഐ അന്വേഷണത്തിന് വിടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. അവസാന പ്രതിയേയും പിടികൂടുന്നതു വരെ സഞ്ജിത്ത് വധക്കേസന്വേഷണത്തിൽ സംസ്ഥാന പൊലീസ് മേധാവിയുടെ മേൽനോട്ടമുണ്ടാകണമെന്ന നിർദേശവും കോടതി നൽകിയിട്ടുണ്ട്.
2021 നവംബർ 15നായിരുന്നു ആർഎസ്എസ് പ്രാദേശിക നേതാവ സഞ്ജിത്തിനെ കാറിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പാലക്കാട് -തൃശൂർ ദേശീയപാതയിൽ കിണാശ്ശേരി മമ്പറത്തായിരുന്നു സംഭവം. ബൈക്ക് തടഞ്ഞുനിർത്തി ഭാര്യയുടെ മുന്നിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതേസമയം പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന നിലപാടുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സർക്കാറിന് ഹൈക്കോടതി പരാമർശം ഏറെ അനുകൂലമായ സാഹചര്യമാണ് നൽകുന്നത്.