എറണാകുളം: കൊച്ചിയിൽ ഇന്ന് പുതിയ കൊവിഡ് കേസുകളില്ല. നിലവിൽ മൂന്ന് പേരാണ് ജില്ലയിൽ കൊവിഡ് ബാധിതരായി ചികിത്സയിൽ കഴിയുന്നത്. ഇതിൽ ഒരാൾ സ്വകാര്യ ആശുപത്രിയിലും രണ്ടു പേർ കളമശേരി കൊവിഡ് ആശുപത്രിയിലുമാണുള്ളത്. മൂന്ന് പേരുടെയും ആരോഗ്യനില തൃപ്തികരമാണ്. രോഗബാധിതരിൽ ഒരാൾ അബുദാബി കൊച്ചി വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശിയാണ്. എറണാകുളം സ്വദേശിയായ ചെന്നൈയിൽ സ്ഥിരതാമസമാക്കിയ യുവതിയാണ് രണ്ടാമത്തെയാൾ. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയ്ക്ക് വേണ്ടിയാണ് ഇവർ കൊച്ചിയിലെത്തിയത്. രോഗ ലക്ഷണത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ അഞ്ചു വയസുള്ള മകനാണ് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാൾ. കുട്ടിയുമായി അടുത്തിടപഴകിയ മൂന്ന് ബന്ധുക്കളെയും കൊവിഡ് ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കുട്ടിയുമായി ഇടപഴകിയ മറ്റുള്ളവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കും.
ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഇവർ സമ്പർക്കത്തിൽ ഏർപ്പെട്ടവരുടെ എണ്ണം വളരെ കുറവാണെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിൽ 251 പേരെ കൂടി പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 1802 ആയി. ഇന്ന് 16 പേരെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ജില്ലയിൽ 31 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്. മാർച്ച് ഒമ്പത് മുതൽ ഏപ്രിൽ നാല് വരെയുള്ള തിയതികളിൽ വിദേശികൾ ഉൾപ്പടെ 25 പേരാണ് എറണാകുളം ജില്ലയിൽ കൊവിഡ് ബാധിതരായത്. എന്നാൽ മെയ് ഒന്നോടെ മുഴുവൻ പേരും രോഗമുക്തരായി ജില്ല കൊവിഡ് മുക്തമായിരുന്നു. മെയ് ഏഴ് മുതൽ പ്രവാസികളുടെ മടങ്ങി വരവോടെയാണ് ജില്ലയിൽ വീണ്ടും കൊവിഡ് ബാധ സ്ഥിരീകരിച്ചത്.