എറണാകുളം: നെല്ലിക്കുഴിക്കാർ എന്നും കണികണ്ടുണരുന്നത് ഈ കൊച്ചു പെൺകുട്ടിയെയാണ്. പേര് അല്‍ഫിയ അനസ്. വയസ് 15. എല്ലാ ദിവസവും രാവിലെ ആറ് മണിക്ക് കോതമംഗലം നെല്ലിക്കുഴി ഹൈസ്കൂളിന് സമീപം അല്‍ഫിയ ഉണ്ടാകും. അച്ഛൻ അനസ് കോതമംഗലത്ത് നിന്ന് എത്തിക്കുന്ന പത്രങ്ങൾ സ്വന്തം സൈക്കിളിന് മുന്നിലെ ബാസ്‌ക്കറ്റിലേക്ക് കൈമാറുന്നതോടെ അല്‍ഫിയയുടെ ഒരു ദിവസം ആരംഭിക്കുകയായി. നെല്ലിക്കുഴി ചിറപ്പടി മുതൽ ഇരമല്ലൂർ അമ്പാടിനഗർ വരെ ഒന്നര മണിക്കൂറില്‍ രണ്ട് കിലോമീറ്റർ ചുറ്റളവില്‍ ദിവസവും നൂറിലധികം വീടുകളില്‍ പത്ര വിതരണം. ഇരമല്ലൂർ പള്ളിപ്പടി പുതിയാ തൊട്ടിയിൽ അനസ്-ജാസ്മിൻ ദമ്പതികളുടെ രണ്ടാമത്തെ മകൾ അൽഫിയ അനസിന് മഴയും മഞ്ഞും പ്രശ്നമല്ല.
സൈക്കിൾ ചവിട്ടാൻ പഠിച്ചത് മുതൽ പത്ര ഏജന്‍റായ പിതാവിനെ സഹായിക്കാൻ അല്‍ഫിയ തയ്യാറാകുകയായിരുന്നു. നെല്ലിക്കുഴി ഗവ. ഹൈസ്കൂളിൽ നിന്ന് കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ അല്‍ഫിയ പ്ലസ് വൺ ബയോളജി സയൻസ് അഡ്‌മിഷന് വേണ്ടി കാത്തിരിക്കുകയാണ്.