എറണാകുളം: ഫോർട്ട് കൊച്ചിയിലെ പുതുവത്സരാഘോഷങ്ങളുടെ ഭാഗമായുള്ള ക്രമാതീതമായ തിരക്ക് നിയന്ത്രിക്കാൻ വൻ സുരക്ഷ സന്നാഹങ്ങൾ ഒരുക്കി സിറ്റി പൊലീസ്. ഉച്ചയോടെ ഫോർട്ട് കൊച്ചിയും പരിസരങ്ങളും പൂർണ്ണമായും പൊലീസ് നിയന്ത്രണത്തിലാകും. കൊച്ചി സിറ്റി ഡെപ്യുട്ടി പൊലീസ് കമ്മിഷണറുടെ മേൽ നോട്ടത്തിൽ മട്ടാഞ്ചേരി അസിസ്റ്റന്‍റ് കമ്മിഷണറുടെ നിയന്ത്രണത്തിൽ നാല് അസിസ്റ്റൻറ് പൊലീസ് കമ്മിഷണർമാർ, 10 പൊലീസ് ഇൻസ്പെക്‌ടർമാർ 100 എസ്‌ഐ മാർ, 700 പൊലീസുകാർ എന്നിവരെ ഡ്യൂട്ടിക്കായി വിവിധ കേന്ദ്രങ്ങളിൽ വിന്യസിക്കും.
ഫോര്‍ട്ട് കൊച്ചിയിലേക്കെത്തെുന്ന ഏതൊരാളും സിസിടിവി ക്യാമറയുടെ നിരീക്ഷണത്തിലായിരിക്കും. ഇതിനായി ബീച്ചിലും പരിസരങ്ങളിലും കൂടാതെ ആളുകൾ കൂട്ടം കൂടാനിടയുള്ള മറ്റ് സ്ഥലങ്ങളിലുമായി 200-ൽ കൂടുതൽ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണവും ഉണ്ടായിരിക്കും.
പരേഡ് ഗ്രൗണ്ടിൽ കൂടുന്നവരെ നിരീക്ഷിക്കുന്നതിന് രണ്ട് വാച്ച് ടവറുകൾ നിർമിച്ച് പ്രത്യേകം പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. സർവെലൈൻസ് ക്യാമറകളുടെ നിരീക്ഷണത്തിനും വാച്ച് ടവറിലെ ഡ്യൂട്ടിക്കുമായി 25 ഉദ്യോഗസ്ഥരെ പ്രത്യേകം നിയോഗിക്കും. ഇവർ വയർലസിൽ നൽകുന്ന വിവരങ്ങള്‍ക്കനുസൃതമായി സാമൂഹ്യവിരുദ്ധരെ കസ്റ്റഡിയിൽ എടുക്കുന്നതിനും വിപുലമായ സന്നാഹങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
സ്‌ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും കണ്ടെത്തുന്നതിനുമായി മഫ്‌തിയില്‍ വനിത പൊലീസ് ഉള്‍പ്പടെ നൂറോളം ഉദ്യോഗസ്ഥരെ വിന്യസിക്കും. ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണി മുതലാണ് ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള വാഹനഗതാഗത നിയന്ത്രണം ആരംഭിച്ചത്. ഹോട്ടലുകളും ലോഡ്‌ജുകളും കേന്ദ്രീകരിച്ച് നടക്കുന്ന ഡിജെ പാർട്ടികളിൽ പങ്കെടുക്കുന്നവരുടെ തിരിച്ചറിയൽ രേഖകൾ സൂക്ഷിക്കാൻ സംഘാടകർക്ക് പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം, ഡിജെ പാർട്ടികളുടെ മറവിൽ മയക്കുമരുന്ന് ഉപയോഗം ഇല്ലന്ന് ഉറപ്പിക്കാൻ മഫ്‌തിയിലുള്ള പൊലീസുകാർ പരിശോധന നടത്തും. ഫോർട്ട് കൊച്ചിയിലെ പൊലീസ് വിന്യാസം ഏകോപിപ്പിക്കുന്നതിനും സിസിടിവി ക്യാമറകൾ നിരീക്ഷിക്കുന്നതിനും പ്രത്യേകം പൊലീസ് കൺട്രോൾ റൂമും തുറന്നിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും നേവിയുടെയും, കോസ്റ്റൽ പൊലീസിന്‍റെയും ബോട്ട് പട്രോളിങ്ങും കൂടാതെ നേവിയുടെ റസ്ക്യൂ ടീമിന്‍റെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. ആഘോഷങ്ങളിൽ പങ്കെടുക്കുവാനെത്തുന്ന മുഴുവൻ ആളുകളെയും ഒരു മണിക്കു മുമ്പായി ഫോർട്ട് കൊച്ചിയിൽ നിന്നും ഒഴിവാക്കുന്നതായിരിക്കും.
അതേസമയം ജില്ലയിലെ പുതുവത്സരാഘോഷങ്ങൾ പ്രധാനമായും നടക്കുന്ന മറ്റു കേന്ദ്രങ്ങളായ മലയാറ്റൂർ നക്ഷത്ര തടാകം, ചെറായി ബീച്ച് എന്നിവിടങ്ങളിലും റൂറൽ പൊലീസിന്‍റെ നേതൃത്വത്തിൽ സുരക്ഷയൊരുക്കും. സംസ്ഥാനത്തിന് പുറത്ത് നിന്നും, ദൂരെയുള്ള ജില്ലകളിൽ നിന്നും പുതുവത്സരാഘോഷത്തിന് എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും. വാഹന പരിശോധനകളും തുടരും.
സുരക്ഷ മുൻകരുതൽ നടപടികളുടെ ഭാഗമായി ബസ് സ്റ്റാന്‍ഡുകളിലും, റെയിൽവേ സ്റ്റേഷനുകളിലും ഡോഗ് സ്ക്വാഡ് പരിശോധന നടത്തി.