എറണാകുളം: നടിയെ ആക്രമിച്ച കേസിൽ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തിൽ നിലപാട് അറിയിക്കാൻ വിചാരണ കോടതിയുടെ നിർദേശം. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് കോടതി നിർദേശം നൽകിയത്. കേസ് അടുത്ത മാസം രണ്ടിന് വീണ്ടും പരിഗണിക്കാനായി മാറ്റി. വിചാരണ കോടതിയുടെ നിർദേശപ്രകാരം അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരായിരുന്നു.
കേസില്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ രാജിവെച്ച വിവരം സംസ്ഥാന പൊലീസ് മേധാവിയെ അറിയിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയെ ധരിപ്പിച്ചു. പുതിയ പ്രോസിക്യൂട്ടര്‍ സ്ഥാനമേല്‍ക്കും വരെ വിചാരണ നീട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിക്ക് കത്ത് നല്‍കി. ഇതേത്തുടര്‍ന്നാണ് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ കോടതി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍റെ നിലപാട് തേടിയത്.
വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നു. രഹസ്യ വിചാരണയുടെ അന്തസത്ത തകർക്കുന്നതിന് കൂട്ടുനിൽക്കുന്നു തുടങ്ങിയ ഗുരുതരമായ ആരോപണങ്ങൾ പ്രോസിക്യൂഷനും, ഇരയായ നടിയും ഉന്നയിച്ചിരുന്നു. തുടർന്ന് വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും നടിയും ഹൈക്കോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹർജികൾ കോടതി തള്ളുകയായിരുന്നു. ഇതിനു പിന്നാലെയാണ് സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ: എ.സുരേശൻ രാജി വെച്ചത്.