എറണാകുളം: പ്രതിഷേധം നിലനിൽക്കിലെ എറണാകുളം -അങ്കമാലി അതിരൂപതയിൽ ഏകീകൃത കുർബാന നടന്നു. സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലഞ്ചേരി നേരിട്ടെത്തിയാണ് സെന്‍റ് മേരീസ് ബസിലിക്കയിൽ ഏകീകൃത കുർബാന അർപ്പിച്ചത്. അതേസമയം, അതിരൂപത അധ്യക്ഷൻ ആർച്ച് ബിഷപ്പ് മാർ ആന്‍റണി കരിയിൽ തിരുകർമ്മങ്ങളിൽ നിന്ന് വിട്ടുനിന്നു.
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി അതിരൂപതിയിൽ തുടർന്നു വരുന്ന ജനാഭിമുഖ കുർബാനയ്ക്ക് പകരമായിരുന്നു പരിഷ്കരിച്ച കുർബാന സമർപ്പണം. വിശ്വാസികളുടെ പ്രതിഷേധ സാധ്യത കണക്കിലെടുത്ത് കനത്ത പൊലീസ് സുരക്ഷയോടെയായിരുന്നു ചടങ്ങ്.
സിനഡ് തീരുമാനിച്ചതും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയം അംഗീകരിച്ചതും മാർപാപ്പ നിർദേശിച്ചതുമായ ഏകീകൃത രീതിയിലാണ് ഓശന ദിനത്തിൽ കുർബാന അർപ്പണം നടന്നതെന്ന് കർദിനാൾ ജോർജ് ആലഞ്ചേരി പറഞ്ഞു. വൈവിധ്യങ്ങളും വ്യത്യസ്ഥ പാരമ്പര്യങ്ങളും മുറകെ പിടിക്കുന്ന എല്ലാവരും ത്യാഗപൂർവം അവരവരുടെ ആരാധന രീതികളിൽ നിന്ന് ഒരു ചുവട് പുറകോട്ട് വെച്ച് നടപ്പാക്കിയതാണ് ഏകീകൃത കുർബാന രീതിയെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ നവംബർ മുതൽ സിറോ മലബാർ സഭയിലെ പള്ളികളിൽ പരിഷ്കരിച്ച കുർബാന നടപ്പാക്കാനായിരുന്നു സിനഡ് തീരുമാനം. എന്നാൽ എതിർപ്പിനെ തുടർന്ന് എറണാകുളം അങ്കമാലി അതിരൂപതയിൽ ഇത് നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല. വൈദികരുടെയും വിശ്വാസികളുടെയും ശക്തമായ എതിർപ്പിനെ തുടർന്ന് കാനോനിക നിയമപ്രകാരം ആർച്ച് ബിഷപ്പ് ആന്‍റണി കരിയിൽ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് പരിഷ്കരിച്ച കുർബാന അർപ്പിക്കുന്നതിൽ ഇളവ് നൽകിയിരുന്നു.
ALSO READ: ഇന്ന് ഓശന ഞായര്‍; ആഘോഷമാക്കി ക്രൈസ്‌തവ വിശ്വാസികള്‍
എന്നാൽ പരിഷ്കരിച്ച കുർബാന നടപ്പാക്കണമെന്ന തീരുമാനം എത്രയും പെട്ടന്ന് നടപ്പിലാക്കണമെന്ന നിലപാട് സിറോ മലബാർ സഭാ സിനഡ് അറിയിച്ചിരുന്നു. ഏകീകൃത കുർബാന നടപ്പാക്കണമെന്ന് വത്തിക്കാൻ കൂടി ആവശ്യപ്പെട്ടതോടെയാണ് ഓശാന ദിനത്തിൽ പരിഷ്ക്കരിച്ച കുർബാന അർപ്പണം നടപ്പാക്കിയത്.