എറണാകുളം : പ്രായം ഒരു വിഷയമല്ല ചാക്കോചേട്ടന്. 85ാം വയസിലും പ്രായത്തെ കൂസാത്ത ചുറുചുറുക്കോടെ പാതയോരങ്ങളെ പൂക്കളുടെ പറുദീസയാക്കുകയാണ് നെല്ലിമറ്റം വാളാച്ചിറ തെക്കുംകാനം വീട്ടിൽ ചാക്കോച്ചൻ. പൂക്കള്‍ ഇഷ്ടപ്പെടുന്ന ചാക്കോച്ചൻ തന്‍റെ വീടിന് മുന്നിലെ പ്രധാന പാതയുടെ ഇരു വശങ്ങളിലുമായി മനോഹരമായ പൂന്തോട്ടം നിർമിച്ചിരിക്കുകയാണ്.
ആകെയുള്ള അഞ്ച് സെന്‍റ് സ്ഥലത്ത് അതിനുള്ള സൗകര്യം ഇല്ലാത്തതുകൊണ്ടാണ് അദ്ദേഹം പാതയോരത്തെ വർണാഭമാക്കാൻ തീരുമാനിച്ചത്. ഒരിക്കൽ കുർബാനയ്ക്ക് പോയി മടങ്ങി വന്നപ്പോൾ ഭാര്യ അമ്മിണി പള്ളിയിൽ നിന്ന് ക്രോസ്മസ് പൂച്ചെടി കൊണ്ടുവന്നു. അത് റോഡരികില്‍ നട്ടു. അതിപ്പോള്‍ പരിസരം മുഴുവൻ പുഷ്‌പ്പിച്ച് നിൽക്കുകയാണ്.
ഏകദേശം 200 മീറ്ററോളം ഇത്തരത്തിൽ പൂന്തോട്ടം ഒരുക്കിയിട്ടുണ്ട്. നന്നേ ചെറുപ്പം മുതൽ കഠിനാധ്വാനിയായ ചാക്കോച്ചന് വെറുതെ ഇരിക്കുന്നത് ഇഷ്ടമല്ല. അതുകൊണ്ട് തന്നെ വീടിന് സമീപവും റോഡിനിരുവശവുമുള്ള പൊതു നിരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ഉദ്യാനമാക്കി.
തെരുവിൽ മാലിന്യം വലിച്ചെറിഞ്ഞും മറ്റും പരിസരം മലിനമാക്കുന്നവർക്ക് ചാക്കോചേട്ടന്റെ ഈ പ്രവൃത്തികൾ മാതൃകയാണ്. പൂക്കളെ സ്നേഹിക്കുന്ന ചാക്കോച്ചന്‍റെ പൂന്തോട്ടം വഴിയാത്രക്കാർക്കും കൺകുളിരുന്ന കാഴ്ചയാണ്.