എറണാകുളം: നെല്ലാട്-പട്ടിമറ്റം റോഡ് നിർമാണം ഒക്ടോബർ 26നകം പുനരാരംഭിച്ചില്ലെങ്കിൽ കരാറുകാരനെതിരെ കർശന നടപടിയെന്ന് ഹൈക്കോടതി ഉത്തരവ്. വർഷങ്ങളായി മുടങ്ങിക്കിടന്ന റോഡ് നിർമാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് കുന്നത്ത്നാട് എംഎൽഎ വി.പി.സജീന്ദ്രൻ സമർപ്പിച്ച ഹർജിയിലാണ് കോടതി ഉത്തരവ്.
റോഡിന്‍റെ നിർമാണ പുരോഗതി ഹൈക്കോടതി നേരിട്ട് വിലയിരുത്തുമെന്നും റോഡ് പണിതീരാതെ നിയമനടപടികളിൽ നിന്ന് പിന്നോട്ടില്ലെന്നും എം.എൽ.എ അറിയിച്ചു. അതേസമയം ഫണ്ടിങ് ഏജൻസിയായ കിഫ്ബിയോടും നിർവഹണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡിനോടും അടിയന്തര വിശദീകരണം നൽകുവാൻ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.
രണ്ട് വർഷം മുൻപ് ഏറ്റെടുത്ത നിർമാണ ജോലികൾ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ലെന്നും പുതുക്കിയ എസ്റ്റിമേറ്റിന് അംഗീകാരം നൽകിയതായും സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതനുസരിച്ച് നിർമാണം പൂർത്തീകരിച്ചില്ലെങ്കിൽ കരാർ റദ്ദാക്കി കരാറുകാരനെ കരിപ്പട്ടികയിൽപെടുത്തണമെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. 22 കിലോമീറ്റർ വരുന്ന റോഡ് നിർമാണത്തിന് 32.64 കോടി രൂപയാണ് നേരത്തെ അനുവദിച്ചത്. ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ പാസാക്കിയ തുക പോരെന്ന് ചൂണ്ടികാട്ടിയാണ് തുക പുതുക്കി നിശ്ചയിച്ചത്.