എറണാകുളം: നെടുങ്കണ്ടം രാജ്‌കുമാർ കസ്റ്റഡി മരണക്കേസില്‍ അറസ്റ്റിലായ പൊലീസുകാരുടെ ജാമ്യാപേക്ഷ എറണാകുളം സിജെഎം കോടതി തള്ളി. സിബിഐയുടെ കസ്റ്റഡി അപേക്ഷയിൽ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് ഉച്ചയ്ക്ക് ശേഷം വിധി പറയും. പ്രതികളായ അഞ്ച് പൊലീസുകാരെയും ഹോം ഗാർഡിനെയും ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് ഹാജരാക്കാനും കോടതി നിർദേശിച്ചു.
നേരത്തെ ക്രൈംഞ്ച്രാഞ്ച് അറസ്‌റ്റ് ചെയ്‌തതിനെ തുടർന്ന് ഹൈക്കോടതി ഉൾപ്പടെയുള്ള വിവിധ കോടതികളിൽ നിന്ന് പ്രതികൾ ജാമ്യം നേടിയിരുന്നു. പിന്നീട് പ്രതികളുടെ ജാമ്യം സുപ്രീംകോടതി റദ്ദ് ചെയ്‌തതിനെ തുടർന്നാണ് കേസ് ഏറ്റെടടുത്ത സിബിഐ പ്രതികളെ അറസ്റ്റ് ചെയ്‌തത്. എന്നാൽ ഒന്നാം പ്രതി എസ്.ഐ സാബുവിന്‍റെ ജാമ്യം മാത്രമാണ് സുപ്രീം കോടതി റദ്ദ് ചെയ്‌തതെന്നും മറ്റു പ്രതികളുടെ ജാമ്യം നിലനിൽക്കുമെന്നും പ്രതിഭാഗം വാദിച്ചു. എന്നാൽ നിയമപ്രശ്‌നങ്ങൾ ഉയർത്തി പ്രോസിക്യൂഷൻ ഇതിനെ എതിർക്കുകയായിരുന്നു. തുടർന്നാണ് പ്രതികളെ എറണാകുളം സിജെഎം കോടതി റിമാൻഡ് ചെയ്‌തത്.
രണ്ട് മുതല്‍ ഏഴ് വരെ പ്രതികളായ നെടുങ്കണ്ടം സ്റ്റേഷനിലെ എ.എസ്.ഐ ഇടുക്കി ഉടുമ്പന്‍ചോല സ്വദേശി സി.ബി റജിമോന്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഉടുമ്പന്‍ചോല കാല്‍കൂന്തല്‍ പുത്തന്‍വീട്ടില്‍ എസ്.നിയാസ്, നെടുങ്കണ്ടം മഞ്ഞപ്പെട്ടി മുളങ്കശേരി വീട്ടില്‍ സജീവ് ആന്‍റണി, ഹോം ഗാര്‍ഡ് ഉടുമ്പന്‍ചോല ചോറ്റുപാറ കൊന്നക്കല്‍ വീട്ടില്‍ കെ.എം.ജയിംസ് , സിവില്‍ പൊലീസ് ഓഫീസര്‍ തൊടുപുഴ ആലക്കോട് കുന്നേല്‍ വീട്ടില്‍ ജിതിന്‍ കെ.ജോര്‍ജ്, അസി.സബ് ഇന്‍സ്‌പെക്ടര്‍ ഇടുക്കി കൊന്നത്തടി മുനിയറ ഇഴുമലയില്‍ വീട്ടില്‍ റോയ് പി.വര്‍ഗീസ് എന്നിവരാണ് നിലവിൽ റിമാന്‍ഡിൽ കഴിയുന്നത്.
സാമ്പത്തിക തട്ടിപ്പ് കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത രാജ്‌കുമാര്‍ കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നാണ് കസ്റ്റഡിയിൽ മരണപ്പെട്ടത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് സിബിഐ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്. സിബിഐ കേസ് ഏറ്റെടുത്ത ശേഷം കഴിഞ്ഞ ദിവസമാണ് ഏഴ് പ്രതികളെയും സിബിഐ അറസ്റ്റ് ചെയ്‌തത്. ഒന്നാം പ്രതിയും നെടുങ്കണ്ടം എസ്.ഐയുമായിരുന്ന കെ.എ സാബു നിലവിൽ സിബിഐ കസ്റ്റഡിയിലാണുള്ളത്.