കൊച്ചി : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്ഥിതി സങ്കീർണം. കനത്ത മഴയെത്തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം മറ്റന്നാള്‍ വരെ അടച്ചിടുമെന്ന് വിമാനത്താവള അതോറിറ്റി. ഇന്ന് രാവിലെ ഒമ്പത് മണി വരെ വിമാനത്താവളം അടച്ചിടുമെന്ന് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാല്‍, മഴ കുറയാത്ത സാഹചര്യത്തിൽ റണ്‍വേ അടക്കം റൺവേ വെള്ളത്തിൽ മുങ്ങി. നിലവിൽ മോട്ടോർ പമ്പ് ഉപയോഗിച്ച് വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ്. മഴ കുറയുകയാണെങ്കിൽ ഞായറാഴ്‌ച വൈകിട്ട് മൂന്നിന് തുറക്കുമെന്ന് സിയാൽ അറിയിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളം തുറക്കുന്നത് വരെ കൊച്ചിയിലേക്ക് വരുന്ന വിമാനങ്ങള്‍ വഴിതിരിച്ച് വിടാനാണ് തീരുമാനം.
വിമാനത്താവളത്തിന്റെ പുറക് വശത്തെ ചെങ്കൽചോട്ടിൽ ജലവിതാനം ഉയർന്നതാണ് പ്രശ്‌നം രൂക്ഷമാവാനുള്ള കാരണം. ചെങ്കൽചോട്ടിൽ ജലനിരപ്പ് ഉയരുകയും വിമാനത്താവളത്തിലേക്ക് വെള്ളം കയറുകയും ചെയ്‌തിരുന്നു. കഴിഞ്ഞ വർഷത്തെ പ്രളയത്തിലും നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചിട്ടിരുന്നു. നിരവധി യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നു. ഈ സാഹചര്യത്തിൽ യാത്രക്കാർക്ക് യാത്രാ ബുദ്ധിമുട്ടുകൾ കുറക്കാൻ കെഎസ്ആർടിസി സ്പെഷ്യൽ സർവീസ് നടത്താൻ ഗതാഗത വകുപ്പ് മന്ത്രി നിർദ്ദേശം നല്‍കിയിട്ടുണ്ട്.