എറണാകുളം: ആദർശത്തിൻ്റെയും ആശയത്തിൻ്റെയും അടിസ്ഥാനത്തിലാണ് എൻസിപി ഇടത് മുന്നണിക്കൊപ്പം നിൽക്കുന്നതെന്ന് സംസ്ഥാന പ്രസിഡന്‍റ് ടി.പി. പീതാംബരൻ മാസ്റ്റർ. കൊച്ചിയിൽ എൻസിപി സംസ്ഥാന നേതൃയോഗ തീരുമാനങ്ങൾ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാണി സി കാപ്പൻ പാർട്ടി വിട്ട കാര്യത്തെ കുറിച്ച് ചർച്ച ചെയ്‌തിട്ടുണ്ട്. കാപ്പൻ പോയതു കൊണ്ട് പാർട്ടിക്ക് ക്ഷീണം സംഭവിച്ചിട്ടില്ല. അപൂർവം ആളുകളെ പാർട്ടിയിൽ നിന്നു പോയിട്ടുള്ളുവെന്നും പീതാംബരൻ മാസ്റ്റർ പറഞ്ഞു.
തെരഞ്ഞെടുപ്പിൽ നാലു സീറ്റ് ആവശ്യപ്പെടണം എന്ന് നേരത്തെ തീരുമാനിച്ചിട്ടുണ്ട്. ഇപ്പോൾ ഇതേക്കുറിച്ച് ചർച്ച നടന്നിട്ടില്ല. മുന്നണിയിൽ സീറ്റ് ചർച്ച നടന്നിട്ടില്ലന്നും സീറ്റ് വിട്ടുകൊടുക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ടി.പി പീതാംബരൻ മാസ്റ്റർ പറഞ്ഞു. എൽഡിഎഫിൽ തുടരേണ്ട എന്നാരും ആവശ്യമുന്നയിച്ചിട്ടില്ല. അധ്യക്ഷ സ്ഥാനം മാറണമെന്നാരും പറഞ്ഞിട്ടില്ലന്നും പീതാംബരൻ മാസ്റ്റർ വ്യക്തമാക്കി. അതേസമയം നേതൃത്വത്തിനെതിരെ ഒരു വിഭാഗം ശക്തമായ വിമർശനമുന്നയിച്ചതായാണ് വിവരം.
പാലാ നഷ്ടമാക്കിയത് നേതൃത്വത്തിൻ്റെ കഴിവുകേടാണ്. കൂടുതൽ സീറ്റുകൾ നഷ്ടമാക്കി മുന്നണിയിൽ തുടരണോയെന്ന് ആലോചിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ജില്ലാ ഘടകങ്ങൾക്ക് അതൃപ്തിയില്ലെന്നും ചിലർ ചൂണ്ടിക്കാണിച്ചു. രാവിലെ പതിനൊന്ന് മണിയോടെ ആരംഭിച്ച നേതൃയോഗം ഉച്ചയ്ക്ക് ശേഷവും തുടരുകയാണ്.