എറണാകുളം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ നിര്യാണത്തെ (Kanam Rajendran Death) തുടര്‍ന്ന് നവകേരള സദസിന്‍റെ കൊച്ചിയിലെ ഇന്നത്തെ (ഡിസംബര്‍ 9) പരിപാടികള്‍ മാറ്റിവച്ചു (Navakerala Sadas Programs Postponed). കാനം രാജേന്ദ്രന്‍റെ സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം നാളെ (ഡിസംബര്‍ 10) ഉച്ചയോടെ പെരുമ്പാവൂരില്‍ നിന്നാണ് നവകേരള സദസിന്‍റെ പര്യടനം പുനരാരംഭിക്കുന്നത് (Navakerala Sadas Restarting From Sunday). അതേസമയം, അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറിയുടെ മൃതദേഹം ഇന്ന് രാവിലെ എട്ട് മണിയോടെ തിരുവനന്തപുരത്തേക്ക് എത്തിക്കും.
എറണാകുളത്ത് നിന്നും ഹെലികോപ്‌റ്ററിലായിരിക്കും മൃതദേഹം തിരുവനന്തപുരത്തേക്ക് കൊണ്ട് പോകുക. രവിലെ എട്ടര മണിയോടെ ജഗതിയിലെ വിട്ടിലെത്തിക്കുന്ന ഭൗതിക ശരീരം പട്ടത്തെ പാർടി ഓഫീസിൽ ഉച്ചവരെ പൊതു ദർശനത്തിന് വെക്കും. ഉച്ചയ്ക്ക് രണ്ട് മണിയോടെ വിലാപയാത്രയായി മൃതദേഹം കോട്ടയത്തേക്ക് കൊണ്ടുപോകും. ഞായറാഴ്‌ച രാവിലെ പതിനൊന്ന് മണിയോടെ സംസ്‌കാരം നടത്തും. കാനത്തെ വീട്ടുവളപ്പിലാണ് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്‌കരിക്കുക (Kanam Rajendran Funeral).
കഴിഞ്ഞദിവസം രാത്രിയില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയ മുഖ്യമന്തി പിണറായി വിജയനും മന്ത്രിമാരും കാനം രാജേന്ദ്രന് അന്തിമോപചാരം അർപ്പിച്ചിരുന്നു. കൊച്ചി മറൈൻ ഡ്രൈവിലെ നവകേരള സദസിന്‍റെ പൊതുപരിപാടി കഴിഞ്ഞ ശേഷമായിരുന്നു മുഖ്യമന്ത്രിയും മന്ത്രിമാരും ആശുപത്രിയിലേക്ക് എത്തിയത്. കാനം രാജേന്ദ്രന്‍റെ ഭാര്യ വനജയെയും മകൻ സന്ദീപിനെയും മുഖ്യമന്ത്രി ആശ്വസിപ്പിച്ചു.
വെള്ളിയാഴ്‌ച (ഡിസംബര്‍ 8) വൈകുന്നേരം അഞ്ചര മണിയോടെ കാനത്തിന്‍റെ വിയോഗ വാർത്ത പുറത്ത് വന്നതിന് പിന്നാലെ സിപിഐ മന്ത്രിമാരായ കെ രാജൻ, പി പ്രസാദ്, ചിഞ്ചു റാണി, ജിആർ അനിൽ എന്നിവർ ആശുപത്രിയിലെത്തിയിരുന്നു. ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ ഉൾപ്പടെ സിപിഐയിലെ നിരവധി പ്രമുഖർ ആശുപത്രിയിലെത്തി കാനത്തിന് അന്തിമോപചാരം അര്‍പ്പിച്ചാണ് മടങ്ങിയത്.
കാനത്തിന്‍റെ വിയോഗ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ നൂറ് കണക്കിന് സാധാരണക്കാരും പാര്‍ട്ടി പ്രവർത്തകരും പ്രിയ നേതാവിനെ അവസാനമായി ഒരു നോക്കു കാണാൻ ആശുപത്രിയിൽ തടിച്ച് കൂടി. രാത്രി ഒമ്പതരമണിയോടെ ആയിരുന്നു അദ്ദേഹത്തിന്‍റെ മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റിയത്. 1950 നവംബര്‍ 10ന് കോട്ടയം ജില്ലയിലെ കാനത്ത് ജനിച്ച കാനം രാജേന്ദ്രന്‍ എഴുപതുകളില്‍ വിദ്യാര്‍ഥി രാഷ്‌ട്രീയത്തിലൂടെ ആയിരുന്നു രാഷ്‌ട്രീയ രംഗത്ത് സജീവമായത്.
Also Read: വിടവാങ്ങിയത് ദീര്‍ഘ കാലം സിപിഐയെ നയിച്ച നേതാവ്, നേരിട്ട വിമര്‍ശനങ്ങളും വിവാദങ്ങളും നിരവധി