എറണാകുളം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സഹായം നൽകി വീണ്ടും ജനഹൃദയങ്ങളിലേക്ക് ചേക്കേറുകയാണ് എറണാകുളം സ്വദേശി നൗഷാദ്. ദുരിതാശ്വാസ ക്യാമ്പിലേക്ക് വസ്ത്രങ്ങൾ ശേഖരിക്കുന്നതിനായി കുസാറ്റിലെ വിദ്യാർഥികളും അധ്യാപകരും അടങ്ങുന്ന സംഘം ബ്രോഡ്‌വേയിൽ എത്തിയപ്പോൾ തുറന്നിട്ട കട ചൂണ്ടിക്കാട്ടി ആവശ്യമുള്ളതെല്ലാം എടുത്തോളാൻ പറഞ്ഞ ബ്രോഡ്‌വേയിലെ വഴിയോര കച്ചവടക്കാരനായ നൗഷാദാണ് ഇപ്പോൾ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കലക്ടർ എസ് സുഹാസിന് കൈമാറിയിരിക്കുന്നത്.
യുഎഇയിലെ സ്മാർട്ട് ട്രാവൽസ് ഏജൻസി ഉടമ അഫി അഹമ്മദാണ് ഇതിനാവശ്യമായ തുക നൗഷാദിന് നൽകിയത്. നൗഷാദിന്റെ മാതൃക പ്രളയദുരിതാശ്വാസ രംഗത്ത് സംസ്ഥാനത്തിനാകെ ഊർജ്ജം പകരുന്നതായിരുന്നുവെന്ന് കലക്ടർ പറഞ്ഞു. കലക്ട്രേറ്റ് ചേംബറിൽ നേരിട്ടെത്തിയാണ് നൗഷാദ് ചെക്ക് കൈമാറിയത്.
കടയിലെ സാധനങ്ങൾ മുഴുവൻ എടുത്തോളാൻ നൗഷാദ് പറഞ്ഞപ്പോൾ അമ്പരപ്പോടെ നിന്ന കുസാറ്റിലെ സംഘത്തെ സാക്ഷിയാക്കി വിൽപനയ്ക്കു വച്ച വസ്ത്രങ്ങളെല്ലാം വാരിയെടുത്തു ചാക്കിലാക്കി അവർക്ക് കൈമാറി. വരുന്ന ഓണവിപണി ഉൾപ്പെടെ ലക്ഷ്യമിട്ട് ഗോഡൗണിൽ സൂക്ഷിച്ചിരുന്ന മുഴുവൻ തുണിത്തരങ്ങളും ദുരിതാശ്വാസ ക്യാമ്പിലേക്ക് കൈമാറിയാണ് നൗഷാദ് മറ്റുള്ളവർക്ക് മാതൃകയായത്. സിനിമാതാരങ്ങളായ മമ്മൂട്ടി, ജയസൂര്യ, എറണാകുളം ജില്ലാ കലക്ടർ എസ് സുഹാസ് തുടങ്ങി സമൂഹത്തിലെ പ്രമുഖരടക്കം നൗഷാദിന് അഭിനന്ദനങ്ങൾ നേർന്നിരുന്നു.