എറണാകുളം: കൊച്ചിയിൽ നാലായിരം കോടിയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് സൗഭാഗ്യത്തിന്‍റെ ദിനമാണെന്നും രാജ്യത്തിന് സമർപ്പിച്ച പദ്ധതികൾ ദക്ഷിണേന്ത്യയുടെ വികസനത്തിൽ നാഴികക്കല്ലാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊച്ചി വെല്ലിംഗ്ടൺ ഐലന്റിൽ രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രമുൾപ്പടെ സുപ്രധാനമായ മൂന്ന് പദ്ധതികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മോദിയുടെ വാക്കുകൾ: കപ്പൽ നിർമ്മാണത്തിന്‍റെ കേന്ദ്രമായി കൊച്ചി മാറുകയാണന്ന് പ്രധാനമന്ത്രി പറഞ്ഞു. കൊച്ചി കപ്പൽ ശാല വികസനത്തിന്‍റെ പാതയിലാണ്. കൊച്ചി മെട്രോയുടെ വെസലുകൾ നിമ്മിക്കുന്നത് കൊച്ചി കപ്പൽ ശാലയിലാണ്. അയോധ്യയിലേക്കുള്ള വെസലുകളും ഇവിടെ നിർമ്മിക്കുകയാണ്. വിദേശ രാജ്യങ്ങളിൽ നിന്ന് ഉൾപ്പടെ കപ്പൽ ശാലയ്ക്ക് നിർമ്മാണ ഓർഡറുകൾ ലഭിക്കുകയാണ്.
കപ്പൽ നിർമ്മാണത്തിന്‍റെ പ്രധാന ഹബ്ബായി കൊച്ചി മാറുകയാണ്. ഇത് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു. രാജ്യത്തിന്‍റെ പൊതു വികസനത്തിന് കേരളം നൽകുന്ന സംഭാവനയുടെ മികച്ച ഉദാഹരണമാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന പദ്ധതികളെന്നും പ്രധാനമന്ത്രി പറഞ്ഞു. പത്ത് വർഷത്തിനിടെ കേരളത്തിന്‍റെ ഷിപ്പിംഗ് മേഖലയിൽ വലിയ വികസനമാണുണായത്. ലോകത്തിന്‍റെ മാരിടൈം കേന്ദ്രമാക്കി രാജ്യത്തെ മാറ്റുമെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.
കേരളത്തിന്‍റെ വികസനോത്സവത്തിൽ പങ്കാളികളായതിൽ സന്തോഷമെന്നും അദ്ദഹം വ്യക്തമാക്കി. വികസന പദ്ധതികൾ നേരിട്ടെത്തി ഉദ്ഘാടനം ചെയ്ത പ്രധാനമന്ത്രിക്ക് ചടങ്ങിൽ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ നന്ദി അറിയിച്ചു. ഇന്ത്യയുടെ ആദ്യ തദ്ദേശ നിര്‍മ്മിത വിമാന വാഹിനിക്കപ്പലായ ഐ.എന്‍.എസ് വിക്രാന്ത് നിര്‍മ്മിച്ച് രാജ്യത്ത് പുതിയ ചരിത്രം സൃഷ്ടിച്ച കൊച്ചിന്‍ ഷിപ്പ്‌യാർഡിന്‍റെ മറ്റ് രണ്ട് പദ്ധതികളുടെ ഉദ്ഘാടനമാണ് പ്രധാന മന്ത്രി നിർവഹിച്ചത്.
കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രം: എറണാകുളം വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ 42 ഏക്കറിൽ വ്യാപിച്ച് കിടക്കുന ഒരേസമയം ഏഴ് കപ്പലുകൾ വരെ അറ്റകുറ്റപ്പണി ചെയ്യാൻ കഴിയുന്ന രാജ്യാന്തര കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രമാണ് (ഐഎസ്ആർഎഫ്) പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്. ഇതോടെ ഷിപ്‌യാർഡിന്‍റെ ശേഷി കൂടുതൽ വിശാലമാക്കുകയാണ്. പ്രതിവർഷം 150 കപ്പലുകൾ വരെ അറ്റകുറ്റപ്പണി ചെയ്യാൻ കഴിയുന്ന ഐ എസ് ആർ എഫ് 970 കോടി രൂപ മുതൽമുടക്കിലാണ് പൂർത്തിയാക്കിയത്.
ഐ.എസ്.ആര്‍.എഫ് യാഥാർത്ഥ്യമാകുന്നതോടെ നേരിട്ടും പരോക്ഷമായും 2000 ലധികം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. മാത്രമല്ല ഇന്ത്യയിലെ നിരവധി കപ്പലുകള്‍ ഇപ്പോഴും അറ്റകുറ്റപ്പണിക്കായി ചൈന, മലേഷ്യ, ഇന്‍ഡോനേഷ്യ എന്നിവയെ ആശ്രയിക്കുന്നുണ്ട്. ഇതൊഴിവാക്കാനും കപ്പല്‍ അറ്റകുറ്റപ്പണിയുടെയും ആഗോള ഹബ്ബാകാനും കൊച്ചിൻ ഷിപ്പ്‌യാർഡിന് കഴിയും. അന്താരാഷ്ട്ര ഷിപ്പ് റിപ്പയർ ഓർഡറുകൾ നേടി വിദേശ വരുമാനം വർധിപ്പിക്കാനും കഴിയും.
ഡ്രൈ ഡോക്: തേവരയില്‍ 1,800 കോടി രൂപ നിക്ഷേപത്തോടെ സജ്ജമാക്കിയ പുതിയ ഡ്രൈഡോക്കും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. കപ്പലുകൾ ഉൾപ്പെടെയുള്ള കടൽയാനങ്ങൾ നിർമിക്കാനും അറ്റകുറ്റപ്പണികൾ നടത്താനുമുള്ള പ്രത്യേക പണിപ്പുരയാണ് ഡ്രൈഡോക്. ആവശ്യമെങ്കിൽ വെള്ളം പൂർണമായി ഒഴിവാക്കാൻ കഴിയുമെന്നതാണു പ്രത്യേകത. ക്രെയിൻ സഹായത്തോടെ യാനങ്ങൾ ഉയർത്താനും താഴ്ത്താനും കഴിയും. കൂറ്റൻ വിമാനവാഹിനിക്കപ്പലുകളും എൽഎൻജി കാരിയറുകളും ഡ്രെജിങ് ഷിപ്പുകളുമെല്ലാം നിർമിക്കാനാകുംവിധം വിശാലമാണു പുതിയ ഡ്രൈഡോക്.
തേവരയില്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനോട് ചേര്‍ന്ന് തന്നെ പതിനഞ്ച് ഏക്കറിലാണ് രാജ്യത്തെ ആദ്യത്തെ സ്റ്റെപ്പ്ഡ് ഡ്രൈഡോക്ക് സജ്ജമാക്കിയത്. ഇതോടെ എല്ലാത്തരം കപ്പലുകളുടെയും അറ്റകുറ്റപണികൾക്കുള്ള കേന്ദ്രമായി കൊച്ചി മാറും. വിമാനവാഹിനികൾ, സൂയസ് മാക്‌സ് കപ്പലുകൾ, എൽഎൻജി കാരിയറുകൾ, വൻകിട ഡ്രഡ്‌ജറുകൾ മുതലായ കൈകാര്യം ചെയ്യാൻ കഴിയും. കപ്പൽ നിർമാണത്തിലും അനുബന്ധ വ്യവസായങ്ങളിലും തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നു. ലോകനിലവാരമുള്ള സാങ്കേതികവിദ്യ സ്വീകരിച്ച് ഷിപ്പ് ബിൽഡിങ്ങിൽ ഉള്ള ശേഷി വർധിക്കും.
എല്‍.പി.ജി ഇറക്കുമതി ടെര്‍മിനല്‍: പുതുവൈപ്പില്‍ ഇന്ത്യന്‍ ഓയിലിന്‍റെ എല്‍.പി.ജി ഇറക്കുമതി ടെര്‍മിനലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 15,400 മെട്രിക് ടണ്‍ സംഭരണ ശേഷിയുള്ള ടെര്‍മിനലിന്റെ നിര്‍മ്മാണച്ചെലവ് 1,236 കോടി രൂപയാണ്. കേരളത്തിലും തമിഴ്‌നാട്ടിലും പാചകവാതകം സുലഭമാക്കാന്‍ ലക്ഷ്യമിടുന്നതാണ് എറണാകുളം പുതുവൈപ്പിലെ എല്‍.പി.ജി ടെര്‍മിനല്‍.
കപ്പലില്‍ ദ്രവരൂപത്തില്‍ എത്തിക്കുന്ന പാചകവാതകം സംഭരണികളില്‍ സൂക്ഷിച്ച് വാതകരൂപത്തിലാക്കിയശേഷം പൈപ്പ് ലൈൻ വഴി വിതരണം ചെയ്യാനും ഈ പദ്ധതി സഹായകമാവും. എറണാകുളം അമ്പലമുകളിലെ ബി.പി.സി.എല്‍, ഐ.ഒ.സിയുടെ ഉദയംപേരൂര്‍, അമ്പലമുകള്‍, പാലക്കാട്ടെ ബി.പി.സി.എല്‍ പ്ലാന്റുകളില്‍ പൈപ്പ്‌ലൈന്‍ വഴി എല്‍.പി.ജി എത്തിച്ചശേഷം സിലിണ്ടറില്‍ നിറച്ച് വിതരണം ചെയ്യും.