വണ്ടർലാ പാർക്കിലെ റൈഡിൽ നിന്ന് വീണ് പരിക്കേറ്റ യുവാവിന് നഷ്ടപരിഹാരം നൽകുന്നതില്‍ നിരുത്തരവാദ നിലപാടാണ് ചിറ്റിലപ്പിള്ളി സ്വീകരിച്ചതെന്ന് ഹൈക്കോടതിയുടെ വിമര്‍ശനം. പ്രശ്നം കഴിയുമെങ്കിൽ ഒത്തുതീർക്കാൻ നിർദ്ദേശിച്ചിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. ചിറ്റിലപ്പിള്ളിയുടെ നടപടി നിർഭാഗ്യകരമാണെന്നും കോടതി കുറ്റപ്പെടുത്തി.
ചിറ്റിലപ്പിള്ളിക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷനോട് കഴിഞ്ഞ ദിവസങ്ങളിൽ എന്താണ് നടന്നതെന്ന് താങ്കൾക്ക് അറിയാമോയെന്നും കോടതി ആരാഞ്ഞു. വിഷയം തീർക്കുന്നതിൽ അല്ല കമ്പനിക്ക് താത്പര്യമെന്നും നിലപാടിൽ സത്യസന്ധതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇതാണ് നിലപാടെങ്കിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിടേണ്ടി വരും. അന്വേഷണത്തിന് ഡിജിപിക്ക് നിർദ്ദേശം നല്‍കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
നിങ്ങൾക്ക് പണം ഉണ്ടെന്നാണ് പറയുന്നത്. പണം ആരും കൊണ്ടുപോകുന്നില്ല. 20 വർഷമായി ഒരു യുവാവ് വീൽചെയറിലാണ്. നിങ്ങൾക്കെതിരെ ആക്ഷേപം പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് പാഠം പഠിപ്പിക്കുമെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും കോടതി പ്രസ്താവിച്ചു. അപകടത്തിൽ നിങ്ങൾക്ക് പങ്കുണ്ടെന്ന് കോടതി പറഞ്ഞിട്ടില്ല. മനപ്പൂർവമാണെന്നും കോടതി പറയുന്നില്ല.
നിങ്ങളുടെ കമ്പനിയിലാണ് അപകടമുണ്ടായത് അതുകൊണ്ട് ഉത്തരവാദിത്വമുണ്ട്. അറുപതിനായിരം രൂപ നല്കിയെന്ന് പറയുന്നു. എന്തിനാണ് നൽകിയത്? ധാർമികതയുടെ പേരിലാണെങ്കിൽ എന്താണ് ധാർമികത എന്നും കോടതി ചോദിച്ചു. യുവാവ് ചികിത്സയ്ക്കായി ഇതുവരെ ഇരുപത്തിയഞ്ച് ലക്ഷം രൂപ ചിലവാക്കി. ഈ കോടതിയുടെ പിന്തുണ യുവാവിനാണെന്നും മാനുഷികതയാണ് കോടതിയുടെ മുഖമുദ്രയെന്നും ന്യായാധിപൻ വ്യക്തമാക്കി. കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.