ദിവസ വരുമാനം കൊണ്ട് ജീവിക്കുന്ന ഓട്ടോ തൊഴിലാളികൾക്ക് സഹകരണസംഘം ഏറെ പ്രയോജനകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഹകരണ നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുകൂലമായി ഓട്ടോറിക്ഷ തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സഹകരണ സംഘ രൂപീകരണം സംസ്ഥാനത്ത് ആദ്യമാണ്. ഇത്തരം ഇടപെടലുകളിലൂടെ തൊഴിലാളികളുടെ ക്ഷേമം, സുരക്ഷ എന്നിവ ആസൂത്രണം ചെയ്യാനുള്ള സാധ്യതയും ആലോചിക്കണം. ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് സഹകരണസംഘത്തിന്റെയും മെട്രോ ഫീഡർ ഓട്ടോ സർവീസിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെട്രോ റെയിൽ സംസ്ഥാനത്തിന് തന്നെ മാതൃകയായ ഒന്നാണ്. ഇതുപോലെ പൊതുഗതാഗത ശാക്തീകരണത്തിനായി മെട്രോ, ടാക്സി, ബസ്, ബോട്ട്, ഓട്ടോറിക്ഷ ഇവയുടെയെല്ലാം പരസ്പര പൂരകമായ പ്രവർത്തനവും അടിസ്ഥാനതലത്തിൽ നടത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ചതാണ്. ജില്ലയിൽ പൊതു ഗതാഗതവും, നഗര ഗതാഗതവും സംഘടിപ്പിക്കുന്നതിനും പുനക്രമീകരിക്കുന്നതിനും കെഎംആർഎല്ലിനെയാണ് ചുമതലപ്പെടുത്തിയത്. ഇന്ന് എറണാകുളം ജില്ലയിൽ ഏഴ് കമ്പനികൾ രൂപീകരിച്ച് ജിപിഎസ് സംവിധാനത്തോടെ പൊതുജനങ്ങൾക്ക് സഹായകമായ രീതിയിൽ യാത്ര സംവിധാനം സ്വകാര്യബസുകളുടെ കാര്യത്തിൽ നടപ്പിലാക്കിയിട്ടുണ്ട്. മെട്രോയിൽ ഉപയോഗിച്ചുവരുന്ന കൊച്ചി വൺ കാർഡ് സംവിധാനം ബസുകളിലും ഉപയോഗിക്കുന്നതിനുള്ള തീരുമാനം അന്തിമഘട്ടത്തിലാണ്.
'അഭിവൃദ്ധിക്കായി ഒരുമിക്കാം' എന്ന കൈപ്പുസ്തകം മുഖ്യമന്ത്രിയിൽ നിന്നും കൊച്ചി മെട്രോ മാനേജിങ് ഡയറക്ടർ മുഹമ്മദ് ഹനീഷ് ഐഎഎസ് ഏറ്റുവാങ്ങി.