എറണാകുളം ജില്ലയിൽ വരൾച്ച സംബന്ധിച്ച ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫിറുള്ള. മെയ് 31 വരെ ജില്ലയിലെ എല്ലാ മേഖലകളിലും തടസ്സമില്ലാതെ വെള്ളം വിതരണം ചെയ്യാൻ സാധിക്കുമെന്നും കളക്ടറേറ്റിൽ ചേർന്ന് വിശദീകരണ യോഗത്തിൽ ജില്ലാകളക്ടർ അറിയിച്ചു.
പൈപ്പ് കണക്ഷൻ ഉള്ളതും വെള്ളത്തിന് ക്ഷാമം അനുഭവപ്പെടുന്ന മേഖലകളിൽ കൂടുതൽ വെള്ളം എത്തിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തും. വെള്ളം സുഗമമായി ഒഴുകുന്നതിന് കനാലുകളിലെ തടസ്സങ്ങൾ നീക്കി. കഴിഞ്ഞവർഷം പശ്ചിമകൊച്ചി പിഴല ചൂണ്ടി തുടങ്ങിയ ജലവൈദ്യുതപദ്ധതികൾ കമ്മീഷൻ ചെയ്തതിനാൽ ഈ മേഖലകളിൽ ജലദൗർലഭ്യം അനുഭവപ്പെടില്ലെന്നും യോഗത്തിൽ ജില്ലാ കളക്ടർ പറഞ്ഞു.
136 ലിഫ്റ്റ് ഇറിഗേഷൻ പദ്ധതികൾ പ്രവർത്തനസജ്ജമാകും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 376 ഹാൻഡ് പമ്പുകൾ ഉണ്ട്. ഇവയിൽ 120 എണ്ണം അറ്റകുറ്റപ്പണി നടത്തി വരികയാണ്. ഇത് ഉടൻ പൂർത്തീകരിക്കും. ജലത്തിൻറെ കാര്യക്ഷമമായ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ജലം ജീവാമൃതം എന്ന പ്രചരണ പദ്ധതി ആരംഭിച്ചിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി മെയ് 31ന് മുമ്പ് 150 പുതിയ കുളങ്ങൾ പൂർത്തീകരിക്കും. ജലദൗർലഭ്യം പരിഹരിക്കുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തീകരിക്കുമെന്നും ജല മോഷണത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.