എറണാകുളം: മഴ ശക്തമായതോടെ മൂവാറ്റുപഴ നഗരസഭയിലെ പുഴകളില്‍ അടിഞ്ഞുകൂടിയ മാലിന്യം നീക്കം ചെയ്യണമെന്ന ആവശ്യവുമായി നാട്ടുകാർ. മൂവാറ്റുപുഴ നഗരസഭയുടെയും വാളകം, മാറാടി, ആയവന, ആരക്കുഴ, ആവോലി പഞ്ചായത്തുകളുടെയും പരിധിയിൽ വരുന്ന പുഴകളിലാണ് മണലും ചെളിയും അടിഞ്ഞു കൂടിയിരിക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് അടിഞ്ഞ് കൂടിയ എക്കലും, ചെളിയും ഇത് വരെ നീക്കം ചെയ്തിട്ടില്ല. കാലവർഷം ആരംഭിച്ചിട്ടും അടിഞ്ഞ് കൂടിയ മണല്‍ നീക്കം ചെയ്യാത്തതിനാല്‍ ചെറിയ തോതിൽ പോലും ജലനിരപ്പുയർന്നാൽ മൂവാറ്റുപുഴയും പ്രാന്ത പ്രദേശങ്ങളും വെള്ളത്തിനടിയിലാകും. ദുരന്ത നിവാരണ അതോറിറ്റി പിറവം നഗരസഭ പരിധിയിലുള്ള മണലും ചെളിയും നീക്കം ചെയ്യുന്നതിന് മാത്രമാണ് അനുവാദം നല്‍കിയിരിക്കുന്നത്.
വർഷങ്ങളായി മൂവാറ്റുപുഴയാറിൽ മണൽ വാരൽ നിരോധനം നില നില്‍ക്കുകയാണ്. നിരോധനം പിൻവലിച്ച് മണല്‍ ഖനനം നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും, പുഴയിൽ മണ്ണും ചെളിയും അടിഞ്ഞ് കൂടിയതോടെ പുഴയുടെ ആഴം കുറയുകയും പെട്ടെന്ന് പുഴ കരകവിയുന്ന അവസ്ഥയുമാണെന്ന് പ്രദേശവാസികള്‍ പറയുന്നു. മൂവാറ്റുപുഴയാറിന്‍റെ എല്ലാ മേഖലകളിൽ നിന്നും മണലും ചെളിയും കാലവർഷാരംഭത്തിന് മുൻപ് നീക്കം ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയും മേഖലാ മണൽ, തൊഴിലാളി യൂണിയൻ പ്രസിഡന്‍റുമായ പി.പി എൽദോസ് ആവശ്യപ്പെട്ടു. ഉടൻ നടപടി സ്വീകരിച്ചില്ലെങ്കില്‍ രണ്ട് തവണ ഉണ്ടായ പ്രളയത്തില്‍ മുവാറ്റുപുഴയും പരസര പ്രദേശങ്ങളും വെള്ളം കയറി നാശനഷ്ടം സംഭവിച്ചതിനേക്കാൾ മോശമായ അവസ്ഥ ഈ വർഷം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.